chungam

നെടുങ്കണ്ടം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കേരള- തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തിരുവിതാംകൂർ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രം തകർന്നു. ബോഡിമെട്ടിലുള്ള കസ്റ്റംസ് ഹൗസാണ് തകർന്നത്. ശക്തമായ മഴയിൽ കെട്ടിടത്തിന്റെ പിൻവശം ഇടിഞ്ഞു വീഴുകയായിരുന്നു. കല്ലും മണ്ണും ഉപയോഗിച്ചുള്ള നിർമ്മാണ രീതിയായിരുന്നു കെട്ടിടത്തിന്റേത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചരിത്ര സ്മാരകം കേരളവും തമിഴ്‌നാടും അതിർത്തി പങ്കിടുന്ന ബോഡിമെട്ടിൽ ചുങ്കം പിരിക്കുന്നതിനായി തിരുവിതാകൂർ രാജഭരണ കാലത്ത് പണികഴിപ്പിച്ചതാണ്. കസ്റ്റംസ് ഹൗസ് എന്ന പേരിൽ രാജമുദ്രയോടെ പതിറ്റാണ്ടുകളായി തലയുർത്തി നിന്ന കെട്ടിടം കേരള സംസ്ഥാനം രൂപീകരിച്ചതോടെ വാണിജ്യ, ആദായ നികുതി വകുപ്പിന്റെ അതിർത്തി ചെക്പോസ്റ്റ് ഓഫിസായി മാറി. രാജ്യവ്യാപകമായി ജി.എസ്.ടി നടപ്പിലാക്കുകയും വാണിജ്യ നികുതി വകുപ്പിന്റെ അതിർത്തി ചെക് പോസ്റ്റുകൾ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതോടെ കസ്റ്റംസ് ഹൗസിന്റെ പ്രൗഢിയും മങ്ങിത്തുടങ്ങിയിരുന്നു. അറ്റകുറ്റപ്പണി നടത്തുന്നതിന് സംസ്ഥാന സർക്കാരിന് പ്രോജക്ട് സമർപ്പിച്ച് കാത്തിരിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്.