
ഇടുക്കി: ഇക്കുറി ഓണ സദ്യക്കൊപ്പം വിളമ്പുക ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ കൈപുണ്യം പതിഞ്ഞ ഉപ്പേരിയും ശർക്കര വരട്ടിയും. സംസ്ഥാന സർക്കാർ 14 ഇന ഭക്ഷ്യോത്പന്നങ്ങൾ നൽകുന്ന ഓണക്കിറ്റിൽ ഈ വർഷം കുടുംബശ്രീ ഉത്പന്നങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനായുള്ള 2,32,500 പാക്കറ്റ് ഉപ്പേരിയും ശർക്കര വരട്ടിയുമാണ് കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കി നൽകുന്നത്. കുടുംബശ്രീ സംരഭങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കുമാണ് ഉപ്പേരി തയ്യാറാക്കി ഡിപ്പോകളിൽ എത്തിക്കുന്ന ചുമതല. ഏത്തക്കായ അരിയുന്നത് മുതൽ രുചികരമായ ഉപ്പേരിയും ശർക്കര വരട്ടിയും തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ചെയ്യുന്നത്. തൊടുപുഴ (84,500), മൂന്നാർ (46,000), നെടുങ്കണ്ടം (1,02,000) എന്നിങ്ങനെ ജില്ലയിലെ സപ്ലൈകോ ഡിപ്പോകളിലേക്കായി 2,32,500 പാക്കറ്റുകളുടെ ഓർഡറാണ് ഇതുവരെ കുടുംബശ്രീക്ക് ലഭിച്ചത്. കിറ്റുകളിൽ നിറക്കാൻ നൂറ് ഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് നൽകുന്നത്. ഒരു പാക്കറ്റിന് കുടുംബശ്രീക്ക് 27 രൂപ ലഭിക്കും. സപ്ലൈകോ ഗോഡൗണുകളിൽ ഉത്പന്നം എത്തിച്ച് കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കകം പണം നൽകാനാണ് തീരുമാനം. ആവശ്യമായ മുഴുവൻ ഏത്തക്കായയും കർഷകരിൽ നിന്ന് ലഭിക്കാത്തതിനാൽ പൊതുവിപണിയെയും ആശ്രയിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകൾ ലഭിച്ചാൽ അവ തയ്യാറാക്കി നൽകാനും സജ്ജരാണെന്ന് സംരഭകർ പറഞ്ഞു. കുടുംബശ്രീ ഉത്പന്നങ്ങൾ ഓണക്കിറ്റിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിലൂടെ സംരംഭക യൂണിറ്റുകൾക്കും അയൽക്കൂട്ടങ്ങൾക്കും കീഴിലുള്ള നിരവധി കുടുംബങ്ങൾക്കാണ് വരുമാനം ലഭിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
തൊടുപുഴയിൽ
കിട്ടുന്നത്ഇടവട്ടിയിൽ നിന്ന്
ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ മാർത്തോമ ഭാഗത്ത് പ്രവർത്തിക്കുന്ന മുബാറക് കുടുംബശ്രീ യൂണിറ്റിന് കീഴിലെ ബിലാൽ ഫുഡ് പ്രൊഡക്ട് യൂണിറ്റിൽ നിന്നാണ് തൊടുപുഴയിലും പരിസരങ്ങളിലേക്കുമുള്ള ഉപ്പേരി എത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് പിന്തുണയുമായി പഞ്ചായത്തും ഒപ്പമുണ്ടെന്ന് പ്രസിഡന്റ് ഷീജാ നൗഷാദ് പറഞ്ഞു. എ.എ.വൈ കിറ്റിനുള്ള 10,040 പാക്കറ്റ് ചിപ്‌സ് ഇടവെട്ടിയിൽ നിന്ന് ഇതിനോടകം നൽകി കഴിഞ്ഞതായി കുടുംബശ്രീ ഡി.പി.എം ശ്രീപ്രഭ മുകേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഹസീന സുനിൽ, എം.ഇ.സി ഷക്കീല മുഹമ്മദ് എന്നിവർ പറഞ്ഞു.