ഉപ്പുതറ: എതിരെ വന്ന ഓട്ടോ റിക്ഷക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്ക്. ചിന്നാര്‍ നാലാംമൈല്‍ പാറയ്ക്കല്‍, ശെല്‍വം (45), ഇടശേരിമറ്റം സാബുക്കുട്ടന്‍ (48), കൊച്ചുകരിന്തരുവി കുന്നത്തുമലയില്‍ ഷൈജു (39), ചിന്നാര്‍ കുറ്റിക്കാട്ട് ജോസഫ് (54), ചിന്നാര്‍ മൂന്നാംമൈല്‍ മുഴുവഞ്ചിയില്‍, മാത്യൂ (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശെല്‍വത്തിനെ വിദഗ്ദ ചികിത്സക്കായി പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല. ഉപ്പുതറ- പൊരികണ്ണി റോഡില്‍ ബുധനാഴ്ച രാവിലെ 10നായിരുന്നു അപകടം. കെട്ടിട നിര്‍മാണ തൊഴിലാളികളായ ആറു പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. എതിരെ വന്ന ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കാന്‍ വശം ചേര്‍ത്തു നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഒരു വാഹനത്തിന് കടന്നു പോകാനുള്ള വീതിയേ റോഡിനുണ്ടായിരുന്നുള്ളു. ജീപ്പിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.