തൊടുപുഴ/വണ്ടിപ്പെരിയാർ: മഴയുടെ ശക്തി കുറയുകയും അണക്കെട്ടുകളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ കാലവർഷക്കെടുതി തത്കാലമൊഴിഞ്ഞ ആശ്വാസത്തിലാണ് മലയോരം. ഇന്നലെ വൈകിട്ടോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു. ആർ- 1, ആർ- 2, ആർ- 3 ഷട്ടറുകളാണ് അടച്ചത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. വെള്ളമിറങ്ങിയതോടെ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങി. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ക്യാമ്പുകളിലിപ്പോൾ 51 പേർ മാത്രമാണുള്ലത്. മോഹനഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ദിവസം 84 പേർ ഉണ്ടായിരുന്നു. ഇന്നലെ 62 പേർ വീടുകളിലേക്ക് മടങ്ങി പോയി. നിലവിൽ 22 പേരാണ് ക്യാമ്പിലുള്ളത്. ചന്ദ്രവനം ക്യാമ്പിൽ ചന്ദ്രവനം എസ്റ്റേറ്റ് ക്വാട്ടേഴ്‌സും അംഗൻവാടിയുമാണ് ക്യാമ്പായിട്ടുള്ളത്. ഇവിടെ ആറ് കുടുംബങ്ങളിലായി 22 പേർ കഴിയുന്നുണ്ട്. പെരിയാർ ശ്രീ ശക്തി നിലയം ക്യാമ്പിൽ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾ കഴിയുന്നുണ്ട്. ഇവർക്ക് നദിയിൽ വെള്ളം കയറിയാൽ കയറി കിടക്കാൻ മറ്റൊരിടമില്ല. 2018 ലെ പ്രളയ മുതൽ എല്ലാവർഷവും പെരിയാർ നദിയിൽ വെള്ളം കൂടിയാൽ പഞ്ചായത്തിന്റെ ക്യാമ്പാണ് ഇവരുടെ ആശ്രയം. അതുകൊണ്ട് പുഴയിലെ വെള്ളത്തിന്റെ നീരൊഴുക്കിൽ കുറവ് വന്നു. നദിയിൽ രണ്ടടിയിൽ അധികം വെള്ളം കുറഞ്ഞിട്ടുണ്ട്. ഇത് തീരദേശവാസികൾക്ക് വലിയ ആശ്വാസമായി. ഇന്നലെ പീരുമേട്, വണ്ടിപ്പെരിയാർ, വള്ളക്കടവ് ഭാഗങ്ങളിൽ മഴ കുറവായിരുന്നു. തടിയമ്പാട് ചപ്പാത്തിലും വെള്ലമിറങ്ങി. ഇന്ന് ഇടുക്കിയുടെയടക്കം ഷട്ടറുകൾ താഴ്ത്തിയേക്കും. നിലവിൽ പീരുമേട്, തൊടുപുഴ, ഇടുക്കി, ദേവികുളം താലൂക്കുകളിലായി 16 ക്യാമ്പുകളിലായി 543 പേരാണ് കഴിയുന്നത്.

മഴ മുന്നറിയിപ്പുകളില്ല

ഒരാഴ്ച വരെ ജില്ലയിൽ മഴ മുന്നറിയിപ്പുകളൊന്നുമില്ല. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ശരാശരി 14.56 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. ദേവികുളം താലൂക്കിലാണ് കൂടുതൽ മഴ പെയ്തത്- 29.6 മി.മീ. തൊടുപുഴ തീരെ മഴ കുറവായിരുന്നു- 1.6 മി.മീ. മറ്റ് താലൂക്കുകളിലെ മഴയുടെ അളവ്- ഇടുക്കി- 21.8, ഉടുമ്പഞ്ചോല- 9.8, പീരുമേട്-10 മി.മീ.