
മറയൂർ: മാട്ടുപ്പെട്ടിയിൽ നിന്ന് മറയൂരിലെ വീട്ടിലേക്ക് പോകവേ കാർ റോഡിൽ നിന്ന് തെന്നിമാറി 800 അടി താഴ്ചയിലേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന മറയൂർ കോട്ടക്കുളം സ്വദേശി കാരിവേലിൽ ജോയിസ് ജേക്കബ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10ന് കെ.ഡി.എച്ച്.പി മാട്ടുപ്പെട്ടി തേയില ഫാക്ടറിയിലെ ഫാക്ടറി ഓഫീസറായ ജോയിസ് ഡ്യൂട്ടി കഴിഞ്ഞ് മറയൂരിലേക്ക് വരവെയായിരുന്നു അപകടം. ഒമ്പതാം മൈൽ എസ് വളവ് തിരിഞ്ഞ് വരവെ മഴയിൽ റോഡിലേക്ക് വന്ന് കിടന്ന ചെളിയിലും മണലിലുംപ്പെട്ട് കാറിന്റെ പിന്നിലെ ടയർ തെന്നി മാറി താഴേക്ക് പതിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നെങ്കിലും എയർബാഗ് തുറന്നതിനാൽ അദ്ഭുതകരമായാണ് വാഹനം ഓടിച്ചിരുന്ന ജോയിസ് രക്ഷപ്പെട്ടത്. വാഹനത്തിന്റെ സൈഡ് ഗ്ലാസ് അടിച്ചുടച്ച് പുറത്തിറങ്ങി അവിടെ നിന്ന് മുകളിൽ റോഡിൽ കയറി വന്ന് ഒച്ചയെടുത്താണ് സമീപവാസികളെ വിളിച്ചു കൂട്ടിയത്. കാർ താഴേക്ക് പതിക്കുന്നത് കണ്ട പിറകെ വന്നിരുന്ന വാഹനത്തിലെ യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂന്നാറിൽ നിന്ന് ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. നിസാര പരിക്കേറ്റ ജോയിസിനെ ടാറ്റായുടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറയൂർ എസ്.ഐയും സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.