തൊടുപുഴ: ആദിത്യ ഫിലിംസിന്റെ നേതൃത്വത്തിൽ പുതിയതായി നിർമ്മിച്ച '25" എന്ന സിനിമയുടെ പ്രദർശനവും സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം അവാർഡ് വിതരണവും 15ന് നടക്കും. രണ്ട് ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ആദിത്യ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന മുഴുനീള ചലചിത്രമാണ് 25. മുരുകൻ കൂത്താട്ടുകുളമാണ് കഥ,​ തിരക്കഥ,​ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പലരിൽ നിന്ന് പണം സ്വരൂപിച്ച് അമ്പതോളം കലാകാരന്മാർക്ക് അവസരം നൽകി നിർമ്മിച്ച സിനിമയാണിത്. തൊടുപുഴ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. നടൻ സാജു നവോദയ മുഖ്യാതിഥിയാകും. തൊടുപുഴ ഫിലിം സൊസൈറ്റിയിൽ നിന്നുള്ള വിധികർത്താക്കൾ തിരഞ്ഞെടുത്ത മികച്ച ഷോർട്ട്ഫിലിമുകളിലെ 75 കലാകാരന്മാർക്കാണ് അവാർഡ് നൽകുന്നത്. ചടങ്ങിൽ കലാ രംഗത്തും മറ്റുള്ള മേഖലയിലും സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിയ്ക്കും. കലാ സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആദിത്യ മാനേജിംഗ് ഡയറക്ടർ മുരളീധർ, കോ- ഓ‌ർഡിനേറ്റർ അനിത മുരളി,​ സംവിധായകൻ മുരുകൻ എന്നിവർ പങ്കെടുത്തു.