
വണ്ടിപ്പെരിയാർ : കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെള്ളം കയറുന്നതിന് പരിഹാരമായി. സെന്ററിനു മുമ്പിലുള്ള ഇടുങ്ങിയതും ചെറുതുമായ പാലം പൊളിച്ചു പുതിയ പാലം പണിയാൻ ബ്ലോക്ക് പഞ്ചായത്ത് നടപടി ആരംഭിച്ചു . ചുരക്കുളം തോട് നിറഞ്ഞ് കവിഞാൽ ഈ വെള്ളം താഴ്ന്ന പ്രദേശമായ ആശുപത്രിയിലും സമീപത്തും കയറാനിടയാകും. അറുപത്തിആറാം മൈൽ, തൊണ്ടിയാർ ഭാഗത്തുള്ള കർഷകരുടെ ചെക്ക്ഡാം തുറന്നാലും നിറഞ് കവിഞ്ഞാലും ആശുപത്രിയും പരിസരവും വെള്ളം കൊണ്ട് നിറയും. ഇവിടെ എത്തുന്ന രോഗികൾക്കും,65 ൽ അധികം ജീവനക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആശുപത്രിയിലെ മരുന്നുകൾ കേട്പാട് സംഭവിച്ച് നഷ്ടപ്പെടുന്നതിനുംഇത് ഇടയാകുന്നു. ഈ പ്രശ്‌നങ്ങൾക്കും ഇതോടെ പരിഹാരമാകുകയാണ്. എല്ലാ ദിവസവും മുന്നൂറിൽ അധികം രോഗികൾ ഇവിടെ എത്തുന്നുണ്ട്. പതിനായിരത്തിൽ അധികം തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് വണ്ടിപ്പെരിയാർ . ഇവിടത്തെ ഏക സർക്കാർ ആതുരാലയമാണ് ഈ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. ശക്തമായ മഴ പെയ്താൽ ഹെൽത്ത് സെന്ററിൽ വെള്ളം കയറുന്ന അവസ്ഥ ഒഴിവാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാലങ്ങളുടെ പുനർ നിർമ്മാണം തീരുമാനിച്ചത്. ചെറിയ പാലം പൊളിച്ച് നീക്കി സംരക്ഷണ ഭിത്തി നിർമ്മിച്ച് നടപ്പാലം പണിയുന്നതിനും,നിലവിലുള്ള വലിയ പാലം വെള്ളം കയറാത്ത രീതിയിൽ ഉയർത്തുകയും ,തോടിന്റെ വീതി കൂട്ടി സംരക്ഷണഭിത്തി പണിത് പാലംഉയർത്താനുമാണ് തീരുമാനം. ചെറിയ പാലത്തിനടിയിൽ രണ്ടടി മാത്രം വീതിയിൽ ബീം നിർമ്മിച്ചരിക്കുന്നതിനാൽ തോട്ടിലൂടെ ഒഴുകി വരുന്ന തടികളും പാഴ് വസ് ത്തുക്കളും ബീമിൽതട്ടി തടസ്സം ഉണ്ടാകുകയും വെള്ളം ആശുപത്രി പരിസരത്തേക്ക് കയറാനും ഇടയാകുന്നു .ചെറിയ പാലത്തിന്റെ വിസ്തൃതി കൂട്ടി സംരക്ഷണഭിത്തി നിർമ്മിച്ച് നടപ്പാലമായി പണിയാനാണ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനം എന്ന് പ്രസിഡന്റ് പി.എം.നൗഷാദ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ ഉഷാനന്ദൻ,അസിസ്റ്റന്റ് എഞ്ചിനീയർ അജി എന്നിവർ സ്ഥലം സന്ദർശിച്ചു.