alakode
ആലക്കോട് ഇൻഫന്റ് ജീസസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ നടത്തിയ പൊതുജന ഒപ്പ് ശേഖരണ ക്യാമ്പയിൻ

ആലക്കോട് : ആലക്കോട് ഇൻഫന്റ് ജീസസ് എൽ .പി സ്‌കൂളിന് മുൻപിലൂടെ പോകുന്ന തൊടുപുഴ -പൂമാല റോഡിന് ഇരുവശവും ഐറിഷ് ഓടകൾ നിർമ്മിച്ച് വീതികൂട്ടണം എന്ന ജനകീയ വിഷയം ഏറ്റെടുത്ത് പൊതുജന ഒപ്പുശേഖരണ ക്യാമ്പയിൻ സംഘടിപ്പിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ .ദിവസവും നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന തൊടുപുഴ പൂമാല റോഡിൽ ആലക്കോട് സ്‌കൂളിന് സമീപം ഒട്ടും വീതിയില്ല .റോഡിന് സമീപത്തുള്ള ഓടകൾ സ്ലാബ് ഇട്ടു മൂടിയിട്ടില്ല. വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് സൈഡ് കൊടുക്കാൻ പോലും സ്ഥലമില്ല .വെള്ളം ഒഴുകി റോഡിന്റ ഇരു സൈഡിലേയും മണ്ണ് ഒലിച്ചു പോയത് മൂലം വലിയ കിടങ്ങ് റോഡിന് ഇരുവശത്തും ഉണ്ടായി.ഓടകൾ ഇല്ലാത്ത ഭാഗത്ത് ഐറിഷ് ഓടകൾ നിർമ്മിച്ചും , ഓടകൾ ശരിയായ രീതിയിൽ സ്ലാബ് ഇട്ടു മൂടിയും അപകടാവസ്ഥ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ജനകീയ ഒപ്പ് ശേഖരിച്ച് ജനപ്രതിനിധികൾക്ക് നൽകാനാണ് കുട്ടികൾ തീരുമാനിച്ചിരിക്കുന്നത്. സ്‌കൂൾ ലീഡർ അലീന ജൂബി, സെക്രട്ടറി നജാദ് നൗഷാദ്, എന്നിവരുടെ നേതൃത്വത്തിൽ ഏഴ് കുട്ടികൾ അടങ്ങിയ രണ്ട് ടീമായിട്ടാണ് കുട്ടികൾ ഒപ്പ് ശേഖരണം നടത്തിയത്. വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ , യാത്രക്കാർ തുടങ്ങിയ എല്ലാവരും കുട്ടികളുടെ ഒപ്പുശേഖരണ ക്യാമ്പയിന് പിന്തുണ നൽകി.
ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് , അദ്ധ്യാപകരായ അരൂൺ ജോർജ് , ചാൾസ് മാത്യു, ടോണി ടോമി, മോളി മാത്യു, എം.എസ്.അൻസീന, ബിയ ആന്റണി, പി.ആർ രമ്യാമോൾ , സുമി റോയ് എന്നിവർ നേതൃത്വം നൽകി.