നെടുങ്കണ്ടം: രണ്ട് മാസത്തെ ഇടവേളക്ക്‌ശേഷം പട്ടംകോളനിമേഖലയിൽ വീണ്ടും ചന്ദനമോഷണം വ്യാപകമായി. കഴിഞ്ഞ ദിവസം തൂക്കുപാലം അൻപതേക്കറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും രണ്ട് ചന്ദന മരങ്ങൾ മുറിച്ചുകടത്തി.കേരള തമിഴ്‌നാട് അതിർത്തിമേഖലകേന്ദ്രീകരിച്ചുള്ള ചന്ദനമോഷണ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
രാത്രിയിലാണ് 83, 36 സെന്റീമീറ്റർ വീതം വലിപ്പമുള്ള ചന്ദന മരങ്ങൾ മുറിച്ച് കടത്തിയത്. തായ്ത്തടി എടുത്തശേഷം ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിലാണ്. ഒരു ലക്ഷത്തോളം വിലവരുന്ന ചന്ദനമരമാണ് മുറിച്ചത്. അർദ്ധ രാത്രിയോടെയാണ്‌മോഷണം നടന്നത്. സമീപത്തുള്ള ചെറിയ ചന്ദനമരങ്ങളും മുറിക്കുവാൻ ശ്രമം നടത്തിയിട്ടുണ്ട്.
മറയൂർകഴിഞ്ഞാൽ ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ളത് പട്ടംകോളനിയിലെ സ്വകാര്യഭൂമി കളിലാണ്. ഇവിടങ്ങളിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 250ൽ അധികം ചന്ദനമരങ്ങളാണ്‌മോഷ്ടിക്കപ്പെട്ടത്. എന്നാൽ വിരലിൽ എണ്ണാവുന്നകേസുകളിലാണ് പ്തികളെ പിടികൂടാനായത്.


കഴിഞ്ഞ രണ്ട് മാസമായിസജീവമല്ലാതിരുന്ന ചന്ദന മാഫിയ വീണ്ടും രംഗത്തിറങ്ങിയതിന്റെ സൂചനകളാണ്‌മോഷണങ്ങൾ നൽകുന്നത്. രാമക്കൽമേട്ടിൽ നിന്നും ചന്ദനം മുറിച്ചു കടത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. പ്രതികളെ പിടികൂടാതെ കല്ലാർ സെക്ഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒളിച്ച് കളിക്കുകയാണെന്നാണ് ആരോപണം.വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌മേഖലയിൽ ചന്ദന മാഫിയ അഴിഞ്ഞാടുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

അന്ന് കടത്തിയത്

18 ചന്ദനമരങ്ങൾ

രണ്ട് മാസം മുമ്പ് രാമക്കൽമെട്ട് ബാലൻപിള്ള സിറ്റിയിൽ നിന്നും 18 ചന്ദനമരങ്ങൾ മുറിച്ചു കടത്തിയിരുന്നു. കടത്തിയ ചന്ദനത്തടികളുടെ കാതൽ ഒഴികെയുള്ള ഭാഗങ്ങൾ രാമക്കൽമെട്ട് സ്വർഗംമെട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും കണ്ടെത്തിയിരുന്നു. ഈകേസിൽ വനംവകുപ്പ് അന്വേഷണം തുടങ്ങിയതോടെയാണ് ചന്ദനങ്ങൾമോഷ്ടിക്കപ്പെടുന്നത് നിലച്ചത്.