നെടുങ്കണ്ടം: നാഷണൽ ക്ലീൻസിറ്റി മിഷന്റെയും ശിവസേനയുടെയും പേരിൽ എലത്തോട്ടം ഉടമയിൽ നിന്ന് പണപ്പിരിവിന് ശ്രമം. പണം നൽകിയില്ലെങ്കിൽ എസ്റ്റേറ്റിൽ കൊടികുത്തുമെന്ന് ഭീഷണി.
പണം നൽകാനാവില്ലെന്ന് അറിയിച്ചതോടെ ശിവസേന നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ എസ്‌റ്റേറ്റ് മാനേജറെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തിൽ എസ്റ്റേറ്റ് മാനേജർ ഉടുമ്പൻചോല പോലീസിൽ പരാതി നൽകി.മൈലാടുംപാറ അട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റ് ഉടമയോടാണ് പണം അവശ്യപ്പെട്ടത്. നാഷണൽ ക്ലീൻസിറ്റി മിഷൻ ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് ആദ്യം എസ്റ്റേറ്റ് മാനേജരെ ബന്ധപ്പെട്ടത്. എസ്റ്റേറ്റിനെതിരെനിയമ പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ സംഭാവനയായി 55,000 രൂപ വേണമെന്നാണ് ഇയാൾ അവശ്യപ്പെട്ടത്. തുടർന്ന് ഇയാൾക്ക് തമിഴ്‌നാട് സ്വദേശിയായ എസ്റ്റേറ്റ് ഉടമ 15,000 രൂപ നൽകി.
ഇതിന് ശേഷമാണ് ശിവസേന നേതാവെന്ന പേരിൽ മറ്റൊരാൾ വീണ്ടും എസ്റ്റേറ്റ് മാനേജരെ ഫോണിൽ വിളിച്ചത്. എസ്‌റ്റേറ്റിനുള്ളിൽ നടക്കുന്ന കുളം നിർമാണം തടസപ്പെടാതിരിക്കാൻ 50,000 രൂപ നൽകണമെന്നും, ഇല്ലെങ്കിൽ സ്ഥലത്ത് ശിവസേന കൊടികുത്തുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇക്കാര്യം തോട്ടം ഉടമയോട് സംസാരിക്കാൻ പറഞ്ഞെങ്കിലും, ഫോണിലൂടെ ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് എസ്റ്റേറ്റ് മാനേജർപൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണം അവശ്യപ്പെട്ട് നേതാവ് എസ്റ്റേറ്റ് മാനേജരെ അസഭ്യം പറയുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ഫോൺ സംഭാഷണം സമൂഹമധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ പണം ആവശ്യപ്പെട്ട് ഭീഷണപ്പെടുത്തിയ വ്യക്തി സി.പി.എം.പ്രവർത്തകനാണെന്നും, ഇയാൾക്ക് ശിവസേനയുമായി ബന്ധമില്ലെന്നുമാണ് ശിവസേന പ്രവർത്തകർ പറയുന്നത്.. ഇത്തരത്തിൽ പല തോട്ടങ്ങളിൽ നിന്നും സംഘം പണം തട്ടിയതായും സൂചനയുണ്ട്. എസ്റ്റേറ്റ് മാനേജരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഉടുമ്പൻചോല പൊലീസ് അറിയിച്ചു. ഇരു കക്ഷികളും അടത്തുത്ത ദിവസം സ്‌റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉടുമ്പൻചോല പൊലീസ് അറിയിച്ചു.