രാജാക്കാട് :ബൈസൺവാലിക്ക് സമീപം കിളവിപാറയിൽ രണ്ടാഴ്ച മുമ്പ്
വിള്ളൽ വീണ് ഇടിഞ്ഞുതാഴ്ന്ന കൃഷിഭൂമി ശക്തമായ മഴയിൽ കൂടുതൽ ആഴത്തിൽ ഇടിഞ്ഞ് താഴ്ന്നു.ഇവിടെയുണ്ടായിരുന്ന വീടും,ഏലക്കാസ്റ്റോറും പൂർണ്ണമായി ഇടിഞ്ഞു തകർന്നുവീണു.ഇടിഞ്ഞ സ്ഥലത്തിന്റെ ഒരു ഭാഗം ഒലിച്ച് പോയി.ആറേക്കറോളം വരുന്ന പ്രദേശം ഏത് നിമിഷവും ഒലിച്ച് പോകുമെന്ന നിലയിലാണ് ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ
ഉൾപ്പെട്ട കിളവിപാറയിൽ
രണ്ട് വർഷം മുമ്പ് ഉരുൾപൊട്ടലുണ്ടായതിന് സമീപത്തുള്ള സ്ഥലത്താണ് നാശനഷ്ടം സംഭവിച്ചത്.
രണ്ടാഴ്ചകൾക്ക് മുമ്പ് ശക്തമായി പെയ്ത മഴയിലാണ് കിളവിപാറയിൽ ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നത്. അരക്കിലോമീറ്ററോളം നീളത്തിൽ ഭൂമിയിൽ വിള്ളൽ വീഴുകയും പിന്നീട് പത്തടിയോളം ആഴത്തിൽ ഇടിഞ്ഞ് താഴുകയുമായിരുന്നു.മൂങ്ങാമാക്കൽ ജയകുമാറിന്റെ വീടിന്റെ അടിവശത്തുളള
ഏലകൃഷിയും,സമീപത്തെ കർഷകനായ പാറക്കാലായിൽ സജിയുടെ വീടിന്റെ മുകൾ ഭാഗത്തുമാണ് ഭൂമി ഇടിഞ്ഞ് താഴ്ന്നത്.ഇടിച്ചിൽ കണ്ട അന്ന് തന്നെ ജയകുമാറിന്റെ വീട്ടിൽ നിന്നും ആളുകൾ മാറി താമസിച്ചിരുന്നു.ഇതിന് ശേഷം കഴിഞ്ഞ പത്ത് ദിവസ്സമായി തോരാതെ പെയ്ത മഴയിലാണ് ഇടിഞ്ഞ് താഴ്ന്ന ഭാഗം കൂടുതൽ ആഴത്തിൽ താഴുകയും ജയകുമാറിന്റെ
വീടും ഏലക്കാസ്റ്റോറും പൂർണ്ണമായി തകർന്ന് വീണതും.സജിയുടേയും സഹോദരനായ അനൂപ് എന്നിവരുടേയും ഏക്കറ് കണക്കിന് കൃഷിയിടത്തിലൂടെയാണ് വിള്ളൽ വ്യാപകമായി രൂപപ്പെട്ടത്കൃഷിയിടത്തിന്റെ താഴ് ഭാഗത്തുനിന്നും വലിയ തോതിൽ മണ്ണ് ഒലിച്ച് പോകുന്ന അവസ്ഥയുമുണ്ട്.2019 ൽ ഗ്യാപ് റോഡിൽ ഇടിച്ചിലുണ്ടായി ഈ സ്ഥലത്തിന്റെ സമീപത്തു കൂടിയാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്.അന്ന് ഏക്കറ് കണക്കിന് കൃഷിസ്ഥലമാണ് ഒലിച്ച് പോയത്.നിലവിൽ വിള്ളൽ വീണിട്ടുള്ള സ്ഥലമുടമകളുടെ നാലരയേക്കറോളം സ്ഥലം അന്ന് നഷ്ടമായതാണ്.ഒരു രൂപ പോലും ഇവർക്ക് നഷ്ടപരിഹാരവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉള്ള കൃഷിയിടം പൂർണ്ണമായി നഷ്ടമാകുന്ന അവസ്ഥയിലെത്തിയത്. വിള്ളൽ വീണ ഭാഗങ്ങളിൽ കൂറ്റൻ പാറക്കല്ലുകളും മറ്റും നിലനിൽക്കുന്നുണ്ട്. ഇടിഞ്ഞ് താഴ്ന്ന ഭാഗം പൂർണ്ണമായി ഒലിച്ചിറങ്ങിയാൽ വലിയ അപകടത്തിനും ഇത് കാരണമാകും.