തൊടുപുഴ: ടൗണിൽ പഴയ വനംവകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്ന വസ്തുവിൽ ഉൾപ്പെട്ട 30 സെന്റ് സ്ഥലം അംഗൻവാടി, പകൽവീട്, മുനിസിപ്പൽ ലൈബ്രറി എന്നിവ നിർമ്മിക്കാൻ വിട്ട് നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് കൗൺസിലർ ജെസ്സി ആന്റണി അവതരിപ്പിച്ച പ്രമേയം എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. ഫോറസ്റ്റ് ഓഫീസും ബസ് സ്റ്റാൻഡും സ്ഥിതി ചെയ്യുന്ന വസ്തുവും മുമ്പ് റവന്യൂ ടവർ നിർമ്മാണത്തിനായി മാറ്റി വെച്ചിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നതോടെ ഇവിടെ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ ആലോചിച്ചിരുന്നു. ഇപ്പോൾ വസ്തു തൊടുപുഴ നഗരസഭയുടെ കൈവശത്തിലാണെങ്കിലും റവന്യൂ പുറമ്പോക്കായിട്ടാണ് രേഖകളിലുള്ളത്. നഗരസഭയുടെ കൈവശമുള്ള വസ്തുവാണെന്നും ഇത് ഉപയോഗപ്പെടുത്തി ഇവിടെ മൈതാനം നിർമ്മിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് നഗരസഭ മുമ്പ് സർക്കാരിന് പ്രമേയം പാസാക്കി നിവേദനം നൽകിയിരുന്നു. ഈ വസ്തു നഗരസഭയുടേതാണെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്നതാണ് പുതിയ പ്രമേയമെന്ന് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ദീപക്കടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പ്രമേയം പിൻവലിക്കുകയായിരുന്നു.