തൊടുപുഴ: കടബാദ്ധ്യതകൾ മൂലം ജപ്തി നടപടി നേരിടുകയായിരുന്ന അനൂപിനെ തേടിയെത്തിയത് 80 ലക്ഷത്തിന്റെ ഭാഗ്യം. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് തൊടുപുഴയിൽ തട്ടുകട നടത്തുന്ന വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിന് ലഭിച്ചത്. വെങ്ങല്ലൂർ- കോലാനി ബൈപാസിൽ ഫുഡ്‌കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട നടത്തുകയാണ് അനൂപ്. സ്ഥിരമായി ലോട്ടറി കടയിലെത്തിച്ചു നൽകുന്ന ആളാണ് ഇന്നലെയും ലോട്ടറി നൽകിയത്. നഗരത്തിൽ ഹോട്ടൽ ബിസിനസ് നടത്തി പരാജയമായിരുന്നു. തുടർന്നാണ് രണ്ടാഴ്ച മുൻപ് പുതിയ കട തുടങ്ങിയത്. വീട് പണിത വകയിലും മറ്റും ഉണ്ടായ കടബാദ്ധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ വന്നതെന്ന് അനൂപ് പറഞ്ഞു. സമ്മാനം അടിച്ച ലോട്ടറി എസ്.ബി.ഐ ശാഖയിൽ ഏൽപിച്ചു. സമ്മാനം ലഭിച്ച തുക ഉപയോഗിച്ച് നിലവിലുള്ള കടം വീട്ടുകയും ബിസിനസ് വിപുലീകരിക്കാനുമാണ് ലക്ഷ്യം. ഭാര്യ: അനു. മകൾ: അനയ.