thadiyambad
തടിയമ്പാട് ചപ്പാത്തിലെ തകർന്നു പോയ ഭാഗം

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വിട്ടതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്ത് ഭാഗികമായി തകർന്നു. ചപ്പാത്തിന്റെ മരിയാപുരം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് അപ്രോച്ച് റോഡ് പകുതിയോളം ഒലിച്ചുപോയ നിലയിലാണ്. ചപ്പാത്തിൽ പലയിടത്തും വിണ്ടുകീറിയ നിലയിലാണ്. കൈവരിയും തകർന്നു. ചപ്പാത്തിൽ നിന്നും വെള്ളമിറങ്ങിയെങ്കിലും കാൽനടയാത്ര മാത്രമെ അനുവദിച്ചിട്ടുള്ളു. വാഹനങ്ങൾ കടത്തിവിടാതെ പൊലീസ് തടസം സൃഷ്ടിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ചെറുതോണി അണക്കെട്ടിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ ആളവ് സെക്കന്റിൽ ഒരു ലക്ഷം ലിറ്ററാക്കി കുറച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പത് വരെ മൂന്നര ലക്ഷം ലിറ്റർ വെള്ളമായിരുന്നു പെരിയാറ്റിലൂടെ ഒഴുക്കി വീട്ടിരുന്നത്. വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് തടിയമ്പാട് ചപ്പാത്തിലെ കേടുപാടുകൾ വ്യക്തമായത്. പൊതുമരാമത്ത് വിഭാഗം എൻജിനിയർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമെ ഇതുവഴി വാഹന ഗതാഗതം അനുവദിക്കൂ. വെള്ളമിറങ്ങിയിട്ടും തടിയമ്പാടിന് മറുകരയിലേക്ക്
സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടന്നു ചെല്ലാനാവാത്തതിനാൽ നിരവധി വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. അടിയന്തരമായി ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചപ്പാത്തിന്റെ സ്ഥാനത്ത് പാലം നിർമ്മിച്ച് ശാശ്വതമായ ഗതാഗത മാർഗ്ഗമുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അന്ന് പൂർണമായി തകർന്നു

2018 ലെ മഹാപ്രളയത്തെ തുടർന്ന് ചപ്പാത്ത് പൂർണമായും തകർന്ന് പോയിരുന്നു. റീബിൽഡ് കേരളയിൽ ഉൾപെടുത്തി കോടികൾ മുടക്കി നിർമ്മിച്ച ആദ്യ റോഡും ചപ്പാത്തുമാണ് തടിയമ്പാടുള്ളത്. ചപ്പാത്ത് നിർമ്മിച്ചപ്പോൾ നാട്ടുകാർ തടയണയല്ല പാലമാണ് വേണ്ടതെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തണുപ്പിച്ചാണ് പുതിയ ചപ്പാത്ത് നിർമ്മിച്ചത്. ഇതിന് വെള്ളം ഒഴുകി പോകാനുള്ള ദ്വാരങ്ങൾ കുറവായിരുന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വെള്ളമിറങ്ങി, ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചു വിട്ടു

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ നാലെണ്ണം കൂടി അടച്ചതോടെ പെരിയാർ നദിയിലെ നീരൊഴുക്കിന്റെ അളവു കുറഞ്ഞു. തീരത്ത് താമസിക്കുന്നവരുടെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. വള്ളക്കടവ്, തങ്കമല , ഇഞ്ചിക്കാട് ആറ്റോരം, മഞ്ജുമല, വികാസ് നഗർ, ചന്ദ്രവനം, തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർ തങ്ങളുടെ വീടുകളിലേക്ക് തിരികെ പോയി. ചിലയാളുകൾ അവരുടെ വളർത്തുമൃഗങ്ങളെ ഉൾപ്പെടെ വീടുകളിൽ നിന്ന് മാറ്റിയിരുന്നു. പെരിയാർ മോഹനം ആഡിറ്റോറിയം, ചന്ദ്രവനം, പെരിയാർ ശ്രീ ശക്തി നിലയം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളാണ് അടച്ചുപൂട്ടിയത്.