കട്ടപ്പന : വണ്ടൻമേട് പഞ്ചായത്തിലെ മാലിയ്ക്ക് സമീപം ഉൾപ്രദേശത്തെ ഏലത്തോട്ടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദ്ദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞില്ല.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കൈത്തോടിന് സമീപം ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കാണപ്പെട്ടത്.തുടർന്ന് കട്ടപ്പന വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.എന്നാൽ ആത്മഹത്യയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് സൂചന.കറുത്ത ട്രൗസർ മാത്രമാണ് മരിച്ചയാൾ ധരിച്ചിരുന്നത്.വലത് കൈയ്യിൽ ചുവന്ന ചരടും കെട്ടിയുണ്ട്.സമീപ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ആരെയും കാണാതായിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് മരിച്ചയാൾ ഇവിടെ എത്തിയതിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ നായാട്ട് സംഘങ്ങൾ ഈ മേഖലയിൽ സജീവമാണെന്നാണ് വിവരം. ഈ വഴിക്കും പൊലീസ് അന്വേഷണം നടത്തും.ഫോറൻസിക് പരിശോധന ഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ചെങ്കിൽ മാത്രമേ തുടർനടപടികൾ ഉണ്ടാകുകയുള്ളു എന്നാണ് പൊലീസ് ഭാഷ്യം.