തൊടുപുഴ: നഗരമദ്ധ്യത്തിലെ ഫർണിച്ചർ കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. കൈതക്കോട് പുത്തൻവീട്ടിൽ ബാദുഷയുടെ ഉടമസ്ഥതയിൽ വെങ്ങല്ലൂർ മുളയാനിക്കുന്നേൽ ടവറിൽ പ്രവർത്തിക്കുന്ന ന്യൂറോൺ ഫർണിച്ചർ ഷോപ്പിലാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതേമുക്കാലോടെ തീ പിടുത്തമുണ്ടായത്. രാവിലെ കട തുറന്ന ജീവനക്കാരാണ് തീ പടർന്നു പിടിക്കുന്നത് കണ്ടത്. കടയിലുണ്ടായിരുന്ന ഫർണിച്ചർ ഉപകരണങ്ങളും തടികൊണ്ടുള്ള ശിൽപങ്ങളുമടക്കം കത്തി നശിച്ചു. തൊടുപുഴ സ്റ്റേഷനിൽ നിന്ന് രണ്ടു യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തിന്റെ ചില്ലുകളടക്കം കത്തി നശിച്ചു. തൊട്ടടുത്ത് ബാങ്ക് ശാഖവരെയുണ്ടായിരുന്നെങ്കിലും മറ്റിടങ്ങളിലേക്കൊന്നും തീ വ്യാപിച്ചിട്ടില്ല. മുക്കാൽ മണിക്കൂർ നേരത്തേ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്. തൊടുപുഴ അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.