കുമളി: മഴക്കെടുതികൾക്ക് ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി തടാകത്തിൽ ബോട്ടിംഗ് പുനരാരംഭിച്ചതോടെ ടൂറിസം മേഖല വീണ്ടും ഉണരുന്നു. രണ്ടാഴ്ചയോളമായി പൂട്ടിക്കിടന്ന ബോട്ട് യാർഡിൽ ഇന്നലെ മുതൽ നിരവധി സഞ്ചാരികളെത്തി തുടങ്ങി. വിദേശികളും ഉത്തരേന്ത്യക്കാരുമടക്കം അഞ്ഞൂറോളം പേരാണ് ഇന്നലെ ബോട്ട് സർവീസ് നടത്തിയത്. സാധാരണ ദിവസങ്ങളിൽ ആയിരത്തിലേറെ പേരാണ് ബോട്ടിംഗ് നടത്താറുള്ളത്. ഒരിടവേളയ്ക്ക് ശേഷം ആന, കാട്ടുപോത്ത്, മാൻ, വിവിധയിനം പക്ഷികൾ എന്നിവയെ അടുത്തുകാണാനായതായി സഞ്ചാരികൾ പറഞ്ഞു. ടൂറിസ്റ്റുകൾ കയറുന്ന ബോട്ട് കാട്ടാനകൂട്ടത്തിന് അടുത്ത് അടുപ്പിച്ച് ഓഫാക്കി നിർത്തി അവയെ നേരിൽ കാണാനും ഫോട്ടോകൾ എടുക്കാനും ബോട്ട് ഡ്രൈവർമാർ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. ആഗസ്റ്റ് ഒന്നിനാണ് കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിനോദസഞ്ചാരങ്ങൾക്ക് ജില്ലാ കളക്ടർ നിയന്ത്രണമേർപ്പെടുത്തിയത്. ഇതോടെയാണ് ബോട്ടിംഗും നിറുത്തിയത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾ മൂന്നാറിലും വാഗമണ്ണിലും സന്ദർശിച്ച ശേഷമാണ് മടങ്ങുക. മഴ മാറി മാനം തെളിഞ്ഞതോടെ കുമളി ടൗണിലും കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

പ്രതീക്ഷയിൽ ഹോട്ടലുകളും റിസോർട്ടുകളും

വിനോദസഞ്ചാരം പുനരാരംഭിച്ചതോടെ കൂടുതൽ കച്ചവടം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഹോട്ടൽ,​ റിസോർട്ട് ഉടമകളും. സുഗന്ധ വ്യജ്ഞന വ്യാപാര മേഖലയ്ക്കും ഉണർവാകും. കുമളിയിൽ ചെറുതും വലുതുമായ നൂറിലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. ഹോം സ്റ്റേകൾ വേറെയും. തേക്കടി തുറന്നതോടെ തിരികെ വരാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളും ആശ്വാസത്തിലാണ്.