തൊടുപുഴ: 75-ാം സ്വാതന്ത്ര്യ ദിനം നാളെ രാജ്യമെമ്പാടും ആഘോഷിക്കുമ്പോൾ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു നയിക്കുന്ന സ്വാതന്ത്ര്യദിന മഹാറാലി 'ആസാദി കി ഗൗരവ് പദയാത്ര' ഉടുമ്പന്നൂരിൽ ആരംഭിച്ച് തൊടുപുഴയിൽ സമാപിക്കും. നാളെ രാവിലെ ഒമ്പതിന് ഉടുമ്പന്നരിൽ എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ പെരുമാൾ റാലി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി മുഖ്യപ്രഭാഷണം നടത്തും. കരിമണ്ണൂരിലെ സ്വീകരണ സമ്മേളനം റോയ് കെ. പൗലോസും പട്ടയംകവലയിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. അശോകനും മങ്ങാട്ടുകവലയിൽ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറും ഉദ്ഘാടനം ചെയ്യും. റാലി തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ എത്തിച്ചേരുമ്പോൾ സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന മഹാസമ്മേളനം ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്യും. ആദ്യമായി തൊടുപുഴയിൽ എത്തിച്ചേരുന്ന തുഷാർ ഗാന്ധിയെ ആയിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കും. ഡീൻ കുര്യാക്കോസ് എം.പി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. എ.കെ. മണിയും മറ്റു നേതാക്കളും സംസാരിക്കും. റാലിയിലും പൊതുസമ്മേളനത്തിലും എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ പറഞ്ഞു.