തൊടുപുഴ: ഇളംദേശം ബ്ലോക്കിലെ ദേവരുപാറ- നാളിയാനി, പെരിങ്ങാശ്ശേരി- ചെപ്പുകുളം പി.എം.ജി.എസ്.വൈ റോഡുകളുടെ ശേഷിക്കുന്ന പണികൾക്കായി 4.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പിയായിരുന്ന കാലഘട്ടത്തിൽ പി.എം.ജി.എസ്.വൈ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ഈ റോഡുകൾ. പി.ടി. തോമസ് എം.പിയുടെ കാലത്ത് കേന്ദ്ര പാക്കേജിന്റെ പി.എം.ജി.എസ്.വൈ വിഭാഗത്തിൽ ഉൾപ്പെടുത്തി ഡി.പി.ആർ സമർപ്പിച്ച് അനുമതി തേടുകയും ചെയ്തിരുന്നു. പണികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയതിനെ തുടർന്ന് കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി. തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തി വയ്‌ക്കേണ്ടി വന്നു. ആദിവാസികൾ ഉൾപ്പെടെ മേഖലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഈ റോഡിന്റെ പൂർത്തികരണത്തിനായി പ്രദേശവാസികളുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ നിദേശ പ്രകാരം പി.എം.ജി.എസ്.വൈ പ്ലാനിംഗ് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ യോഗം ജില്ലാ കളക്ടറുടെ ചേമ്പറിൽ നിരവധി തവണ ചേർന്നു. ചീഫ് എൻജിനിയർ കെ.ജി. സന്ദീപ് കുമാർ, സൂപ്രണ്ടിംഗ് എൻജിനിയർ സി. അജിത് കുമാർ, എംപവേർഡ് ഓഫീസർ പി.കെ. സനിൽകുമാർ തുടങ്ങിയവരും മറ്റ് സാങ്കേതിക വിഭാഗം വിദഗ്ദ്ധരും റോഡ് സന്ദർശിച്ച് പരിശോധന നടത്തി. പദ്ധതി തയ്യാറാക്കി ജില്ലാ പ്രോജക്ട് മാനേജിംഗ് കമ്മറ്റിയുടെ അംഗികാരത്തോടെ ഏപ്രിലിൽ കെ.എസ്.ആർ.ആർ.ഡി.എക്ക് സമർപ്പിച്ചു. ഇതിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി നിർമ്മാണപ്രവർത്തികൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് എം.പി.പറഞ്ഞു. കരാറുകാരന്റെ അനാസ്ഥയും കോടതിക്കേസും കരിമ്പട്ടികയിൽപ്പെട്ട സ്ഥിതിയും മൂലം നിർമ്മാണം നിലച്ച റോഡിന്റെ പുനർനിർമ്മാണം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഇതിനായി വിവിധ ഘട്ടങ്ങളിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും എം.പി പറഞ്ഞു.