തൊടുപുഴ: പൊലീസുകാരന്റെയടക്കം ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികൾ കാളിയാർ പൊലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ സ്വദേശി ശരത്ത് (21), പട്ടയംകവല സ്വദേശി എബിൻ (19) എന്നിവരാണ് പിടിയിലായത്. ഇതിൽ ശരത്ത് നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ്. ഏഴിന് ഇടപ്പള്ളി ലുലുമാളിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന യമഹ എഫ്.സി ബൈക്ക് ഇവർ രണ്ട് പേരും ചേർന്ന് മോഷ്ടിക്കുകയായിരുന്നു. പിറ്റേന്ന് രാത്രി ഇതേ ബൈക്കിൽ വരുന്നതിനിടെ കാളിയാറിൽ നൈറ്റ് പട്രോളിംഗ് ടീം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ചോദ്യം ചെയ്യലിൽ ജൂൺ മാസത്തിൽ കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചതും ശരത്താണെന്ന് പൊലീസിനോട് സമ്മതിച്ചു. കാലടി സ്റ്റേഷനിലും ഇയാൾക്കെതിരെ ബൈക്ക് മോഷണക്കേസുണ്ട്. റോയൽ എൻഫീൽഡ്, യമഹ എഫ്.സി തുടങ്ങിയ ആഡംബര ബൈക്കുകളാണ് ശരത്ത് സ്ഥിരമായി മോഷ്ടിക്കാറുള്ളതെന്ന് പൊലീസ് പറഞ്ഞു. മോഷണശേഷം പാഴ്സുകൾ വിൽക്കുകയോ ബൈക്ക് പൊളിച്ചു വിൽക്കുകയോ ആണ് ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.