കട്ടപ്പന: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ റിസർവോയറിൽ പകൽ സമയങ്ങളിൽ വല കെട്ടി മത്സ്യ ബന്ധനം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് നിരോധനം. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും അയ്യപ്പൻകോവിൽ മേഖലയിൽ വല കെട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കിഴുകാനം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ ജലാശയത്തിൽ പരിശോധന നടത്തി. നിരോധനം ലംഘിച്ച് കെട്ടിയ വലകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ അഴിച്ച് മാറ്റി. ജലാശയത്തിൽ ഇറങ്ങുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും ജീവന് ഭീഷണിയായി മാറാൻ സാധ്യതയുള്ളതിനാലാണ് വല കെട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അടിയന്തര രക്ഷാപ്രവർത്തനത്തിനും വലകെട്ടൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വനംവകുപ്പ് പറയുന്നു. നിയന്ത്രണമേർപ്പെടുത്തിയിട്ടും വല കെട്ടിയവർക്കെതിരെ ഇപ്പോൾ നിയമ നടപടി സ്വീകരിച്ചിട്ടില്ലെങ്കിലും ഇനി ആവർത്തിച്ചാൽ വന നിയമമനുസരിച്ച് കേസെടുക്കും. അയ്യപ്പൻകോവിൽ തൂക്കുപാലം മുതൽ കിഴുകാനം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ അടുത്ത ദിവങ്ങളിലും റിസർവോയറിൽ പരിശോധനയുണ്ടാകുമെന്നും ഫോറസ്റ്റർ അനിൽ കുമാർ പറഞ്ഞു.