രാജാക്കാട്: മദ്യം മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജാക്കാട് കേന്ദ്രമാക്കി എക്‌സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന് രാജാക്കാട് വികസന കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. 30 കിലോമീറ്റർ അകലെ നെടുങ്കണ്ടത്തുള്ള റേഞ്ച് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്താൻ വൈകുമെന്നതിനാൽ സർക്കാരിന്റെ പരിഗണനയിലുള്ള എക്‌സൈസ് റേഞ്ച് ഓഫീസ് പ്രവർത്തനം വേഗത്തിലാക്കണം. രാജാക്കാട്ടിൽ സർക്കാർ അനുമതി കാത്തുകിടക്കുന്ന ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ആന്റ് സിവിൽ കോടതി പ്രഖ്യാപനം ഉടൻ നടത്തണം. ഉടുമ്പൻചോല താലൂക്ക് വിഭജിച്ച് രാജാക്കാട് കേന്ദ്രമാക്കി താലൂക്ക് രൂപികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അമിത ലഹരി
ഉപയോഗം കുറയ്ക്കുന്നതിനായി കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സമുദായങ്ങളുടെ കുടുംബ കൂട്ടായ്മ യോഗങ്ങൾ വഴി ബോധവത്ക്കരണം നടത്താനും തീരുമാനമെടുത്തു. വികസന കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോ- ഓഡിനേറ്റർ വി.എസ്. ബിജു സ്വാഗതം ആശംസിച്ചു. കൺവീനർ ഫാ. ജോബി വാഴയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ബി മുരളീധരൻ നായർ, ഫാ. എൽദോസ് പോൾ പുൽപ്പറമ്പിൽ, ഇമാം ഇബ്രാഹിം മൻസൂർ തങ്ങൾ, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ്ബ്, വി.വി. ബാബു, ജമാൽ ഇടശ്ശേരിക്കുടി, സജിമോൻ ജോസഫ്, അബ്ദുൾ കലാം, സന്തോഷ് കൊല്ലപ്പിള്ളി, വി.എസ്. അരുൺ പ്രസാദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ സംഘടനാ സ്ഥാനങ്ങൾ ഏറ്റെടുത്ത വി.എസ്. ബിജു, സജിമോൻ ജോസഫ്, പി.ബി മുരളീധരൻ നായർ, ടൈറ്റസ് ജേക്കബ്ബ് എന്നിവരെ ആദരിച്ചു.