രാജാക്കാട്: 2012 മുതൽ 2017 വരെ നടത്തിവന്ന സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ ഈ വർഷം വർണ്ണ ശബളവും ആവേശഭരിതവുമായി ആഘോഷിക്കുമെന്ന് രാജകുമാരി ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു. അഞ്ച് വർഷം തുടർച്ചയായി ആഘോഷിച്ചിരുന്ന പരിപാടികൾ 2018 ലെ പ്രളയവും തുടർന്നുണ്ടായ കൊവിഡ് മഹാമാരിയും കാരണം പിന്നീട് നടത്തുന്നതിന് കഴിഞ്ഞിരുന്നില്ല. മഹാമാരികൾ ഒഴിവായ ഈ വർഷം മഹത്തായ 75ാം വാർഷികാഘോഷം നാടിന്റെ ഉത്സവമാക്കുകയാണ് പഞ്ചായത്ത്. വ്യാപാരി സംഘടനകൾ, വിവിധ സന്നദ്ധ സംഘടനകളായ കുടുംബശ്രീ, എസ്.എച്ച്.ജി, സ്‌കൂൾ- കോളേജ് തുടങ്ങി എല്ലാ ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി 5000 പേരിൽ കൂടുതൽ പങ്കെടുക്കുന്ന റാലി, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ, വാഹനറാലി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾക്ക് രാജകുമാരിയുടെ രാജവീഥികൾ സാക്ഷ്യം വഹിക്കും. റാലിയിലെ ആകർഷകമായ മികച്ച സ്‌കൂളുകൾക്ക് ഗ്രേഡ് അടിസ്ഥാനത്തിൽ രണ്ടായിരം മുതൽ പതിനായിരം രൂപ വരെ വിവിധ ഏജൻസികൾ സ്‌പോൺസർ ചെയ്തിട്ടുള്ള ക്യാഷ് അവാർഡുകളും നൽകും. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ, എസ്.എച്ച്.ജികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് വിവിധ ഏജൻസികൾ ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും. വിളംബര ജാഥ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.വി. കുര്യാക്കോസ് ഫ്ളാഗ് ഒഫ് ചെയ്യും. റാലി എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അജയപുരം ജ്യോതിഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ, ബ്ലോക്ക് മെമ്പർ കെ.ജെ. സിജു, പഞ്ചായത്തംഗം ജെയ്‌സൺ വർഗീസ് എന്നിവർ അറിയിച്ചു.