കട്ടപ്പന: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോൻ കുറ്റാന്വേഷണത്തിലെ ഹീറോയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കട്ടപ്പനയിൽ ചാർജ് ഏറ്റെടുത്തിന് ശേഷവും മുമ്പും നടത്തിയിട്ടുള്ള പഴുതുകളില്ലാത്ത കേസ് അന്വേഷണം പ്രശംസ നേടിയിരുന്നു. സർവ്വീസിന്റെ തുടക്കകാലം മുതൽ കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ചിട്ടുള്ള നിഷാദ്‌മോൻ കട്ടപ്പനയിൽ ഡിവൈ.എസ്.പി.യായി ചുമതലയേറ്റ ശേഷം ലോക്കൽ പൊലീസിന് കണ്ടെത്താൻ സാധിക്കാതിരുന്ന ഒന്നിലധികം കേസുകളിലെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. അണക്കരയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥനെ പിന്നിൽ നിന്ന് ഇടിച്ചിട്ട് നിറുത്താതെ പോയ വാഹനം ഒരു വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞത് ഏറ വാർത്താ പ്രാധാന്യം നേടിയിരുന്നു. പുറ്റടിയിൽ മയക്കുമരുന്ന് ബൈക്കിൽ ഒളിപ്പിച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച കേസിൽ പഞ്ചായത്തംഗമായിരുന്ന ഭാര്യയെ പിടികൂടിയതും വണ്ടൻമേട്ടിൽ ഭാര്യ ഭർത്താവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവവും നെറ്റിത്തൊഴുവിൽ മദ്യത്തിൽ വിഷം കലർത്തി പതനേഴുകാരനെ കൊലപ്പെടുത്തിയത് സുഹൃത്ത് തന്നെയാണെന്ന് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തിയതും

നിഷാദ്‌മോനും സംഘവുമാണ്. കാറിൽ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ കുഴൽപണം പിടികൂടിയതും പിടിച്ചുപറി സംഘത്തിലെ യുവാക്കളെ ദിവസങ്ങൾ നിരീക്ഷിച്ച് അറസ്റ്റ് ചെയ്തതുമാണ് ഒടുവിലത്തെ അന്വേഷണ മികവുകൾ. എരുമേലി കരിങ്കല്ലുമുഴി വെട്ടിയാനിക്കൽ കുടുംബാംഗമാണ് നിഷാദ്. സബ് ഇൻസ്‌പെക്ടറായാണ് സർവീസിൽ പ്രവേശിച്ചത്. മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഓഫ് ഹോണർ മുമ്പ് ലഭിച്ചിട്ടുണ്ട്. വിജിലൻസ് ക്രൈംബ്രാഞ്ച് സി.ഐ ആയി പ്രവർത്തിച്ചിട്ടുള്ള നിഷാദ്‌മോൻ ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നുമാണ് കട്ടപ്പന ഡിവൈ.എസ്.പിയായി എത്തിയത്. രഹനയാണ് ഭാര്യ. മക്കൾ: റൈഹാൻ, റൈന ഫാത്തിമ.