നെടുങ്കണ്ടം: നെടുങ്കണ്ടത്ത് വീടിനു സമീപം നിർത്തിയിട്ടിരുന്ന ജാക്ക് ഹാമർ ട്രാക്ടർ രാത്രിയിൽ മോഷണം പോയി. ഇന്ധനം തീർന്നതോടെ മോഷ്ടാക്കൾ വാഹനം റോഡരികിൽ ഉപേക്ഷിച്ചു. കല്ലാർ പൊടിപ്പാറയിൽ ഷംസുദീന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറാണ് മോഷ്ടിച്ചത്. വീടിനു സമീപം റോഡരികിലാണ് വാഹനം പതിവായി നിർത്തിയിടാറ്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നാലു കിലോമീറ്ററോളം അകലെ വട്ടപ്പാറയ്ക്കു സമീപം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തുകയായിരുന്നു. മഴക്കാലം ആയതിനാൽ ജാക്ക് ഹാമറിന് ഓട്ടം കുറവായിരുന്നു. ഇതിനാൽ വളരെ കുറച്ച് ഇന്ധനം മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ധനം തീർന്നതോടെ മോഷ്ടാക്കൾ വാഹനം ഉപേക്ഷിക്കുകയായിരുന്നുവെന്നു കരുതുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നെടുങ്കണ്ടം പോലീസ്.