kumaran

ചെറുതോണി: നൂറിലേറെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയ ആചാര്യൻ, അതിലേറെ ക്ഷേത്രങ്ങളിലെ തന്ത്രി, നൂറുകണക്കിന് വൈദികശ്രേഷ്ഠരെ വാർത്തെടുത്ത ഗുരുകുലാചാര്യൻ... ഇന്നലെ വിടവാങ്ങിയ കുമാരൻ തന്ത്രിക്ക് വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ മലയോരജനതയ്ക്ക് അദ്ദേഹം എക്കാലവും സാധാരണക്കാരായ വിശ്വാസികൾക്കൊപ്പം നിലകൊണ്ട, ലാളിത്യം മുഖമുദ്രയാക്കിയ ഒരു മഹാപണ്ഠിതനായിരുന്നു. വിശാലമായ മറ്റ് അനേകം പ്രദേശങ്ങളുണ്ടായിട്ടും സാധാരണക്കാരിൽ സാധാരണക്കാരായ കുടിയേറ്റ ജനത അധിവസിച്ചിരുന്ന ഹൈറേഞ്ച് തന്റെ പ്രവർത്തനമണ്ഡലമായി തന്ത്രി തിരഞ്ഞെടുത്തതും അതുകൊണ്ട് തന്നെയാണ്. കേരളത്തിലെ താന്ത്രിക ഗുരുകുലങ്ങളും വൈദിക ശ്രേഷ്ഠരും ഏറെ ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പൊതു സമൂഹത്തിനും ഹൈന്ദവ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണ് തന്ത്രികളുടെ വേർപാട്.കോട്ടയം ജില്ലയിലെ ളാക്കാട്ടൂർ കാച്ചനോലിക്കൽ കുടുംബത്തിലായിരുന്നുജനനം.1955- 57 കാലഘട്ടത്തിൽ വൈദിക, താന്ത്രിക വൃത്തികൾക്കൊപ്പം ശ്രീ നാരായണ ധർമം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൈറേഞ്ചിലെത്തി. കട്ടപ്പനയ്ക്കടുത്ത് കൊച്ചു തോവാളയും പിന്നീട് കാമാക്ഷിയും കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. ശ്രീ നാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. ക്ഷേത്ര പ്രതിഷ്ഠകൾ ഇത്രയേറെ നടത്തിയ മറ്റൊരാചാര്യനും ജില്ലയിൽ ഇല്ല. കാമാക്ഷി കേന്ദ്രീകരിച്ച് അന്നപൂർണേശ്വരീ ഗുരുകുലം സ്ഥാപിച്ച് നിരവധി വൈദിക വിദ്യാർത്ഥികൾക്ക് ഗുരുവായി. ഈ ഗുരുകുലം വേദപഠനത്തിന്റെ കെടാവിളക്കായി ഇന്നും നിരവധി ശിഷ്യന്മാരിലൂടെ തുടരുന്നു. ഗുരുദേവധർമത്തെ അധികരിച്ച് അദ്ദേഹം നൽകിയ വൈദിക പരിശീലനം ശ്ലാഘനീയമായിരുന്നു. ഇതിന്റെ ഫലമായി ജില്ലയിലെമ്പാടും ഗുരുദേവൻ വിഭാവനം ചെയ്ത മാതൃകയിൽ വൈദിക ശ്രേഷ്ഠരെ വാർത്തെടുക്കാൻ കഴിഞ്ഞു. നൂറിൽപരം ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനം വഹിച്ചു വരികയായിരുന്നു അദ്ദേഹം.

ശ്രീകോവിലുകളിലെയും യജ്ഞവേദികളിലെയും സ്ഥിരസാന്നിദ്ധ്യമായിരുന്നു.

തന്ത്രികളുടെ ദേഹവിയോഗം സംഘടനയ്ക്ക് കനത്ത നഷ്ടമാണെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകം എന്നിവർ പറഞ്ഞു.