പീരുമേട്:കർഷകരെ ദുരിതത്തിലാഴ്ത്തി ഏലം ചെടിയുടെ വില തകർച്ചയും അഴകുൽ രോഗവും , കഴിഞ്ഞ ഒരാഴ്ച പെയ്ത കനത്ത മഴ മൂലം ഏലം കർഷകർ ദുരിതത്തിലാണ്, ഏലത്തിന്റെ അഴുകൽ രോഗം വളരെ പെട്ടെന്ന് ചെടികളുടെ ശരത്തിൽ ബാധിക്കുന്നതുമുലം ഏലക്കായകളിൽ അഴുകൽ രോഗം പടരുകയാണ് .ഏലക്കാ ഉത്പാദനം ഇതോടെ ഗണ്യമായി കുറഞ്ഞു. . ദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടർന്നാണ് ചെടികളിൽ അഴുകലും തട്ടമറിയലും മഴക്കാല രോഗങ്ങളും കൂടുന്നത്. മഴ ശക്തമായി തുടരുന്നത് കൂടുതൽ ചെടികൾ നശിക്കാൻ കാരണമാകും. വെള്ളം തങ്ങി നിൽക്കുന്ന പ്രദേശങ്ങളിലാണ് കായ ചീയൽ എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം കൂടുതലായി ഉള്ളത്. ചെടിയുടെ തണ്ടുകൾ അഴുകി ആരോഗ്യം നഷ്ടപ്പെട്ട് പൂർണ്ണമായും നശിക്കുന്നതിനാൽ രോഗം ബാധിച്ച ചെടികൾ വെട്ടിക്കളയുക മാത്രമാണ് പോംവഴി. ഇതോടെ ലക്ഷങ്ങൾ മുടക്കി വർഷങ്ങളോളം പരിപാലിച്ച ചെടികൾ കർഷകന് നഷ്ടമാകും. വിലത്തകർച്ചയ്‌ക്കൊപ്പം വിളവെടുപ്പിലും നഷ്ടം നേരിടേണ്ടി വരുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു.

ചെറുകിട കർഷകനെ സംബന്ധിച്ചിടത്തോളം അഴുകൽ രോഗവും വിലത്തകർച്ചയും കർഷകന്റെ പ്രതീക്ഷകൾ കെടുത്തികളഞ്ഞിരിക്കായാണ്. ഒരു കിലോ ഏലക്കാ ഏറ്റവും ഉയർന്ന വില ആയിരമാണ് .നിലവിലെ വില പണിക്കൂലിയും, വളം,മരുന്ന് പ്രയോഗവും, ഇവയെല്ലാം കൂട്ടുമ്പോൾ കർഷകർക്ക് വൻ നഷ്ടമാണുണ്ടാകുന്നത് .ഏലക്കായ് എടുപ്പു കൂലിയും വർദ്ധിച്ചു .

വേരിലൂടെ

ബാധിച്ച്....

ഫൈന്റോതുറ ഗണത്തിൽ പെട്ട കുമിളാണ് അഴുകൽ രോഗത്തിന് കാരണമാകുന്നത്. വേരിലൂടെ ചെടികളെ ബാധിക്കുന്ന കുമിൾ തട്ടയുടെയും ചരത്തിന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ രോഗം കീടനാശിനി പ്രയോഗം കൊണ്ട് ഇല്ലാതാക്കാൻ പൂർണ്ണമായി കഴിയുന്നില്ല.

പഠനം നടത്തണം

കർഷകനെ സഹായിക്കാൻ സർക്കാർ ഇടപെടണം എന്നാണ് കർഷകർക്ക് പറയാനുള്ളത് . അഴുകൽ രോഗത്തെ സംബന്ധിച്ച് വിദഗ്ദ്ധ പഠനം നടത്താനും അതിന് പ്രതിവിധി കണ്ടെത്താനും കഴിഞ്ഞാൽ മാത്രമെ ഏലം കർഷകനെ ഈ ദുരിത കയത്തിൽ നിന്നും കരകയറ്റാൻ കഴിയൂ.