വണ്ണപ്പുറം: ബന്ധുക്കൾ തമ്മിലുണ്ടായ വസ്തുതർക്കത്തെ തുടർന്ന് രണ്ടു പേർക്ക് വെട്ടേറ്റു. വണ്ണപ്പുറം ഒടിയപാറ പടിഞ്ഞാറയിൽ സാബു, മുള്ളരിങ്ങാടു സ്വദേശി രമണൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരുടെ സഹോദരി ഭർത്താവ് ഒടിയപാറ സ്വദേശി മരുതോലിൽ ബെന്നിയാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ബെന്നിയും ഭാര്യയും കുറച്ചുകാലമായി വേർപിരിഞ്ഞാണ് താമസം. ഭാര്യയ്ക്ക് കോടതി വിധി വഴി ഒരേക്കർ സ്ഥലം ലഭിച്ചിരുന്നു. ഇതിലെ റബ്ബർ ടാപ്പ് ചെയ്യാൻ സഹോദരന്മാർ എത്തിയതാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തുടർന്നുണ്ടായ വഴക്കിലാണ് വെട്ടേൽക്കുന്നത്. കാളിയാർ സി.ഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. ബെന്നിക്കെതിരെ കാളിയാർ പൊലീസ് കേസെടുത്തു.