നെടുങ്കണ്ടം . തൂക്കുപാലത്ത് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമം നടന്നു . സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 53 സെന്റീമീറ്റർ വ്യാസവും 6 മീറ്റർ നീളവമുള്ള ചന്ദന തടിക്കഷ്ണം മുറിച്ചിട്ട നിലയിൽ കണ്ടെത്തി. മറ്റൊന്ന് കാതൽ പരിശോധിക്കാനായി പകുതി മുറിച്ച നിലയിലും കണ്ടെത്തി. കുരുവിക്കാനത്തും ചന്ദനത്തടി മുറിച്ചിട്ട നിലയിൽ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ അഞ്ചിലധികം ചന്ദനമര മോഷണ കേസുകളാണ് മേഖലയിൽ റിപോർട്ട് ചെയ്തത്.ഇതോടെ വനംവകുപ്പ് മേഖലയിൽ രാത്രി കാല പരിശോധന ശക്തമാക്കി. കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി.ഉദയഭാനു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.എസ്. നിഷാദ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി. ചന്ദനമോഷണം വ്യാപകമായ സാഹചര്യത്തിൽ കുമളി റെയിഞ്ച് ഓഫിസർ അനിൽ കുമാർ പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ കേരള തമിഴ്‌നാട് അതിർത്തി മേഖലയിൽ വിന്യസിച്ചു. കഴിഞ്ഞ ദിവസം തൂക്കുപാലം അമ്പതേക്കറിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന ചന്ദന മരം മുറിച്ച് കടത്തിയിരുന്നു. ഇതേ ദിവസം തന്നെയാണ് മറ്റ് മോഷണങ്ങളും മോഷണ ശ്രമങ്ങളും നടന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം. സമീപകാലത്ത്തൂക്കുപാലം ബാലൻപിള്ള സിറ്റിയിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോയിരുന്നു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മുറിച്ച് കടത്തിയ ചന്ദന മരത്തിന്റെ അവശിഷ്ടം പ്രദേശത്തെ കിണറ്റിൽ നിന്നും കണ്ടെത്തി. എന്നാൽ കേസിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.