നെടുങ്കണ്ടം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സി.പി.എം പോഷകസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ദേശീയ പതാകയ്ക്ക് സ്ഥാനമില്ല. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് നടത്തിയ പരിപാടിയിലാണ് ചെങ്കൊടി മാത്രം ഏന്തി റാലി നടത്തിയത്. ജില്ലാ തലത്തിൽ നടത്തിയ പരിപാടിയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വർഗ്ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.ജയചന്ദ്രൻ അടക്കം പങ്കെടുത്തിരുന്നു. എം.എം.മണി എംഎൽഎ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉത്ഘാടന പ്രസംഗത്തിൽ ആർഎസ്എസ് ന്റെത് കപട രാജ്യ സ്‌നേഹമാണെന്നും മണി പറഞ്ഞിരുന്നു. ഇത് പാർട്ടി പരിപാടിയോ അതോ സ്വാതന്ത്ര്യദിന പരിപാടിയോ എന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉയർന്നിട്ടുണ്ട്.


സിപിഎം കപട രാജ്യ

സ്‌നേഹം കാണിക്കുന്നു. കല്ലാർ

സ്വാതന്ത്ര്യദിനത്തിന്റെ പേരിൽ സിപിഎം നെടുങ്കണ്ടത്ത് നടത്തിയ പരിപാടിയിൽ ദേശീയപതാക ഉപയോഗികാത്തത് സിപിഎമ്മിന്റെ കപട രാജ്യ സ്‌നേഹത്തിന്റെ അവസാനത്തെ ഉദാഹരണമാണന്ന് മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. കൊട്ടി ഘോഷിച്ച് സ്വാതന്ത്ര്യ ആഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും ദേശീയ പതാകയെ അപമാനിച്ചതിൽ മുൻ മന്ത്രി കൂടിയായ എം.എം.മണി നേതൃത്വം കൊടുത്തത് അപമാനമാണെന്നും കല്ലാർ പറഞ്ഞു.