തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ റൈസിന്റെ ഭാഗമായി ജില്ലയിലെ ട്രൈബൽ മേഖലയിലെ കുട്ടികൾക്ക് ഈ വർഷം മുതൽ കണക്കിനും ഇംഗ്ലീഷിനും പ്രത്യേക പരിശീലന പരിപാടി നടപ്പാക്കും. തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റൈസ് മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ വച്ച് ഇക്കാര്യം എം.പി. അറിയിച്ചത്. ചടങ്ങിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെ സർക്കാർ/അയ്ഡഡ് സ്‌ക്കൂളുകളിൽ നിന്നും എസ്. എസ്. എൽ. സി , +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും, 100ശതമാനം വിജയം നേടിയ സ്‌ക്കൂളുകൾക്കുള്ള അവാർഡ് വിതരണവും മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ എ. ഗാന്ധി നിർവ്വഹിച്ചു. റൈസ് സൗജന്യ സിവിൽ സർവ്വീസ് ഓൺലൈൻ കോച്ചിങ്ങിലേക്കുള്ള ഈ വർഷത്തെ കുട്ടികളുടെ രജിസ്‌ട്രേഷനും നടന്നു. പി ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റൈസ് കൊർനേറ്റർ ഡോ.ജോസുകുട്ടി ഒഴുകയിൽ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, ഹയർ സെക്കണ്ടറി എജ്യൂക്കേഷൻ റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം, ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ, തൊടുപുഴ ഡി.ഇ.ഒ ശ്രീലത. ഇ.എസ്, യൂണിയൻ ബാങ്ക് എ.ജി.എം. ആർ. നരസിംഹ കുമാർ, ലീഡ് ഡിസ്റ്റിക്ട് മാനേജർ രാജഗോപാലൻ ജി, ഇസാഫ് ബാങ്ക് ടെറിട്ടോറിയൽ ഹെഡ്, ഷീലാ ബിനോയി, ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജിമോൾ തോമസ്, തുടങ്ങിയവർ പങ്കെടുത്തു.