തൊടുപുഴ:മലങ്കര ടൂറിസം ഹബ്ബിലെത്തുന്നവർക്ക് ദാഹമകറ്റാൻ അണക്കെട്ടിലെ വെള്ളത്തിലേക്ക് ഇറങ്ങി വെള്ളം കോരി കുടിക്കേണ്ട അവസ്ഥയാണുള്ളത്.ശനി,ഞായർ,മറ്റ് അവധി ദിവസങ്ങളിലും മലങ്കര ടൂറിസം ഹബ്ബ് സന്ദർശിക്കാൻ ജനങ്ങൾ കുടുംബ സമേതം കൂട്ടത്തോടെയാണ് എത്തുന്നത്.എന്നാൽ ഇവിടെ എത്തുന്നവർക്ക് തൊണ്ട നനക്കാനുള്ള കുടിവെള്ളം പോലും ലഭ്യമാക്കാൻ അധികൃതർക്ക് കഴിയുന്നില്ല.ഇവിടെ സന്ദർശിക്കുന്ന കുട്ടികൾ,വയോജനങ്ങൾ, ഗർഭിണികൾ ഉൾപ്പെടെയുള്ളവരാണ് ഏറെ കഷ്ട്ടത്തിലാകുന്നതും.കുട്ടികൾ ഏറെ നേരം പാർക്കിൽ കളിച്ചതിന് ശേഷവും അണക്കെട്ടും ചുറ്റ് പ്രദേശങ്ങളും സന്ദർശിച്ച് തിരികെ എത്തുമ്പോഴും കുടി വെള്ളവും ഭക്ഷണവും ലഭിക്കാതെ അവശരായി ബഹളം വെച്ച് കരയുന്നതും പതിവ് സംഭവങ്ങളാണ്.എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.കുടുബശ്രീ,സർക്കാരിന്റെ മറ്റ് ഏജൻസികൾ എന്നിവർക്ക് ഭക്ഷണ ശാലയുടെ നടത്തിപ്പ് ചുമതല ഏൽപ്പിക്കുമെന്ന് ഏറെ നാളായി അധികൃതർ പറയുന്നുണ്ടെങ്കിലും ഒരു കാര്യവും നടക്കുന്നില്ലന്ന് മാത്രം.ഹബ്ബിന് സമീപം കുടിൽകെട്ടി താമസിക്കുന്ന ഒരു കുടുംബം ഏതാനും പാക്കറ്റ് കുപ്പിവെള്ളം ഇറക്കി വിതരണം നടത്താൻ ശ്രമിച്ചിരുന്നു.കുടുംബത്തിനും ഹബ്ബിൽ എത്തുന്നവർക്കും ഒരു പരിധിവരെ ആശ്വാസവുമായിരുന്നു.എന്നാൽ ഏതാനും ചില ഉദ്യോഗസ്ഥർ കൂട്ടത്തോടെ എത്തി അത് പൂട്ടിച്ചു.
മൂന്ന് ദിവസം, സന്ദർശിച്ചത് 5000ൽഏറെപ്പേർ
ശനി,ഞായർ,തിങ്കൾ എന്നിങ്ങനെ തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മലങ്കര ടൂറിസം ഹബ്ബ് സന്ദർശിച്ചത് അയ്യായിരത്തിൽപരം സഞ്ചാരികളാണ്. ഇല്ലിക്കൽകല്ല്,മൂന്നാർ,വാഗമൺ, ഇലവീഴാപൂഞ്ചിറ,തൊമ്മൻ കുത്ത്, എറണാകുളം,ആലപ്പുഴ എന്നിങ്ങനെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ളവർ ഉൾപ്പെടെ പ്രദേശവാസികളായവരും അവധി ദിവസങ്ങളിൽ ഇവിടേക്ക് എത്തി.രാവിലെ മുതൽ സന്ദർശകർ എത്തിയെങ്കിലും വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് കൂടുതൽ സഞ്ചാരികൾ എത്തിയത്.