തൊടുപുഴ: ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രദേവസ്വങ്ങളുടെയും ആഭിമുഖ്യത്തിൽ വളാഴാഴ്ച്ച ശ്രീകൃഷ്ണ ജയന്തി - ബാലദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി 120 കേന്ദ്രങ്ങളിൽ പതാക ദിനാഘോഷങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഗോപൂജ ചടങ്ങുകളും നടന്നു.തൊടുപുഴയിൽ 45 ലധികം സ്ഥലങ്ങളിൽ ഉറിയടിയും ശോഭായാത്രയും നടക്കും.
തൊടുപുഴ - കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, വടക്കുംമുറി മുതലക്കോടം ശ്രീമഹദേവക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധർമ്മശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം പുതുപ്പരിയാരം എന്നിവിടങ്ങളിൽ നിന്നും തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് ശോഭായാത്ര നടക്കും. ശ്രീകൃഷ്ണ ചൈതന്യകഥകളുടെ ദൃശ്യാവിഷ്‌കാരത്തോടെ വർണ്ണശബലമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രയ്ക്ക് അകമ്പടിയേകും. ശ്രീകൃഷ്ണ-രാധാവേഷധാരികളായ നൂറുകണക്കിന് ബാലിക ബാലൻമാർ തൊടുപുഴ നഗരത്തെ അമ്പാടിയാക്കി മാറ്റുന്ന മഹാശോഭായാത്ര വൈകിട്ട് 5 മണിക്ക് കാരിക്കോട് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി മണക്കാട് ജംഗ്ഷൻ വഴി 6.45 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ പ്രവേശിക്കും. തുടർന്ന് കൃഷ്ണതീർത്ഥം കല്യാണമണ്ഡപത്തിൽ പ്രസാദവിതരണവും നടക്കും.
6.30 ന് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയും ശ്രീകൃഷ്ണ ജനനസമയമായ രാത്രി 12ന് വിശേഷാൽ പൂജകളും നടക്കും.