തൊടുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ നിലവിൽ ഒരു ടെലികോം കമ്പനിയുടെയും സാന്നിദ്ധ്യമില്ലാത്ത ആദിവാസി മേഖല ഉൾപ്പെടെയുള്ള വിദൂര ഗ്രാമങ്ങളിൽ ബി. എസ്. എൻ. എൽ. പുതിയ ടവറുകൾ സ്ഥാപിക്കുന്നതിന് അനുമതിയായതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു.ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ 100 സ്ഥലങ്ങളിൽ സാങ്കേതിക സർവ്വേ നടത്തിയാണ് ടവറുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തുന്നത്. ജില്ലാ വികസന കമ്മീഷണറുടെ മേൽനോട്ടത്തിലും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയുമാണ് ബി.എസ്.എൻ.എൽ. സാങ്കേതിക വിഭാഗം സർവ്വേ നടപടികൾ പൂർത്തിയാക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പൂർണമായും സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ കഴിയുന്നിടത്താണ് ടവറുകൾ സ്ഥാപിക്കുക. കേന്ദ്ര നിർദ്ദേശ പ്രകാരം ഓഗസ്റ്റ് 31 ന് മുൻപായി സർവേ പൂർത്തിയാക്കി ഡി.പി.ആർ സമർപ്പിക്കും. എറണാകുളം സർവീസ് ഏരിയ ടെലികോം അഡ്വൈസറി കമ്മിറ്റി ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായി എം പി അറിയിച്ചു.

പ്രതിസന്ധിക്ക്

പരിഹാരമാകും

പ്രളയവും തുടർന്ന് കോവിഡും വ്യാപകമായ സാഹചര്യത്തിൽ പഠനവും ജനങ്ങളുടെ ദൈനംദിന ഇടപാടുകളും ഓൺലൈനായപ്പോൾ മുതൽ മുഖ്യസേവനദാതാക്കളായ ബി. എസ്. എൻ. എലിന്റെ പോരായ്മകൾ ജില്ലയിലെ പല സ്ഥലങ്ങളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഫണ്ടിന്റെ അപര്യാപ്തത തടസ്സങ്ങൾ സൃഷ്ടിച്ചു. യു.എസ്.ഒ ഫണ്ട് പുന:സ്ഥാപിക്കുവാനും വിദൂര ആദിവാസി പിന്നാക്ക ഗ്രാമങ്ങളെ ടെലികോം ശ്രംഖലയുടെ ഭാഗമാക്കി എല്ലാവർക്കും സേവനം ലഭ്യമാക്കുന്നതിനും ഇടുക്കി പാർലമെന്റ് മണ്ഡലത്തിന് നൽകുന്ന പുതിയ ടവറുകൾക്കും , നവീകരണ പ്രവർത്തനങ്ങൾക്കും കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും എം.പി പറഞ്ഞു. എറണാകുളം ബി. എസ്. എൻ. എൽ. ഭവനിൽ നടന്ന ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ എം. പി യോടൊപ്പം ടെലികോം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിംകുട്ടി കല്ലാർ, ജോൺ നെടിയപാല, ഷാജി പൈനാടത്ത്, എബി എബ്രഹാം, ബിജോ മാണി എന്നിവർ പങ്കെടുത്തു.