ഇടുക്കി: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലാകെ സംഘടിപ്പിച്ച ലോക് അദാലത്തിൽ 3567 കേസുകൾ തീർപ്പാക്കി. കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമുള്ള കേസുകൾ ഉൾപ്പെടെ ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന 2976 പിഴ ഒടുക്കിത്തീർക്കാവുന്ന കേസുകൾ, 20,656,200 രൂപയുടെ 59 എം.എ.സി.റ്റി കേസുകൾ മറ്റു വിവിധ കേസുകൾ എന്നിവയിലൂടെ 8,08,81,797 രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. 40,37,100 രൂപ പിഴയിനത്തിൽ സർക്കാരിലേക്ക് ഒടുക്കുകയുണ്ടായി. ഇടുക്കി ജില്ലാ ജഡ്ജി ശശി കുമാർ പി സ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ സിറാജുദ്ദീൻ പി എ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. അദാലത്തിൻ്റെ ഭാഗമായി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ പിഴയടച്ച് തീർക്കാവുന്ന കേസുകൾക്കായ് സ്പെഷ്യൽ സിറ്റിംഗ് ഏർപ്പെടുത്തിയിരുന്നു.