കട്ടപ്പന: നഗരസഭാ വികസനകാര്യ സ്റ്റാറ്റിങ് കമ്മിറ്റിയിലേക്ക് മുൻ നഗരസഭ അദ്ധ്യക്ഷ ബീനാ ജോബിയെ തിരഞ്ഞെടുത്തു.മത്സരം ഉണ്ടാകുമെന്നാണ് പുറത്ത് വന്ന സൂചനയെങ്കിലും ഇതുണ്ടായില്ല.അതെ സമയം തിരഞ്ഞെടുപ്പ് യോഗത്തിൽ നിന്ന് പ്രശാന്ത് രാജു ഒഴികെയുള്ള കോൺഗ്രസിലെ എ വിഭാഗം കൗൺസിലർമാർ വിട്ടു നിന്നു.ഐ വിഭാഗത്തിലെ കെ.ജെ ബെന്നി, സജിമോൾ സജി, ലീലാമ്മ ബേബി എന്നിവർ എത്തിയില്ല.കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ 3 അംഗങ്ങളിൽ ജാൻസി ബേബി മാത്രമാണ് തിരഞ്ഞെടുപ്പിന് എത്തിയത്.വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗമായിരുന്ന ഷൈനി സണ്ണി ചെറിയാൻ നഗരസഭ ചെയർപേഴ്‌സൺ സ്ഥാനത്ത് എത്തിയതോടെയാണ് സ്റ്റാൻഡിങ് കമ്മറ്റിയിൽ ഒഴിവു വന്നത്.കേരള കോൺഗ്രസ് അംഗമായ വനിതാ കൗൺസിലറെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗത്വം രാജി വയ്പ്പിച്ച് ഈ സ്ഥാനത്തേക്ക് എത്തിക്കാൻ അണിയറയിൽ നീക്കം നടന്നിരുന്നു.എന്നാൽ ഡി.സി.സി അധ്യക്ഷൻ സി.പി മാത്യു ബീനാ ബോബിയെ മത്സരിപ്പിച്ച് വിജയിപ്പിക്കണമെന്ന് ആവശ്യപെട്ട് കൗൺസിലർമാർക്ക് വിപ്പ് നൽകിയതോടെ നീക്കം പാളുകയായിരുന്നു.കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൗൺസിലറായ ജാൻസി ബേബിയാണ് നിലവിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ.ഇവരെ തലസ്ഥാനത്ത് നിന്നും മാറ്റുവാണ് അതേ പാർട്ടിയിലെ തന്നെ അംഗത്തെ മത്സര രംഗത്തിറക്കാൻ പദ്ധതിയിട്ടത് എന്നും സൂചന ഉണ്ട്.മുൻ ചെയർപേഴ്‌സണായിരുന്ന ബീനാ ജോബിക്ക് പാർട്ടിയിലെ എതിർപ്പുകൾ അവഗണിച്ച് ഏറ്റവും അധികം പിന്തുണ നൽകിയ കൗൺസിലർമാരിൽ ഒരാൾ ജാൻസിയാണ്. ഇക്കാരണത്താലാണ് ഇവരെ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമം നടത്തിയതെന്നും വിവരമുണ്ട്.അതേ സമയം തിരഞ്ഞെടുപ്പുകൾ മാത്രം നടത്തുവാനാണ് ഭരണ സമിതിക്ക് താത്പര്യമെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.സ്റ്റാൻഡിംഗ് കമ്മറ്റി തിരഞ്ഞെടുപ്പിൽ വരെ ചേരി തിരിഞ്ഞ് മത്സരിക്കാൻ ശ്രമിക്കുന്നത് ഭരണം നിശ്ചലമാക്കുമെന്നും പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി.