ഗൃഹനാഥനും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും
രക്ഷപ്പെട്ടത് തലനാരിയ്ക്ക്
കട്ടപ്പന : വെട്ടിക്കുഴക്കവലയിൽ ഗാർഹിക പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു.വീട്ടുടമസ്ഥനും തീ കെടുത്താൻ എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും അത്ഭുതകരമായി രക്ഷപ്പെട്ടു.വീട് ഭാഗീകമായി തകർന്നു.ചൊവ്വാഴ്ച്ച വൈകിട്ട് 3.30 ഓട് കൂടിയാണ് കാലാച്ചിറ ഷാജിയുടെ വീട്ടിൽ സ്റ്റൗ കത്തിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീപടർന്നത്.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഉടനെ തന്നെ കട്ടപ്പനയിൽ നിന്നും ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ എത്തുകയും ചെയ്തു.എന്നാൽ തീ അണയ്ക്കാൻ വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങിയതും സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.അടുക്കളയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളും മേൽക്കൂരയും പൂർണ്ണമായി തകർന്നു.വീടിന്റെ മറ്റ് ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിക്കുന്നതിന് ഏതാനും സമയം മുൻപാണ് ഇൻഡേയ്‌ന് സിലിണ്ടർ വാങ്ങിക്കൊണ്ട് വന്ന് റെഗുലേറ്ററുമായി ഘടിപ്പിച്ചത്.തുടർന്നാണ് സ്റ്റൗ കത്തിച്ചത്.സിലിണ്ടറിനുള്ളിലെ വാഷറിന് കേട് സംഭവിച്ചതോ റെഗുലേറ്ററിന്റെ തകരാറോ ആവാം ഗ്യാസ് ചോരാൻ കാരണമെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്.എന്നാൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിന് കാരണം വ്യക്തമായിട്ടില്ല.സിലിണ്ടറിന്റെ കാലപ്പഴക്കമാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വില്ലേജ് ഓഫീസറും,ഗ്യാസ് ഏജൻസി അധികൃതരും അപകടമുണ്ടായ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.