കട്ടപ്പന: കുളത്തിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു. കട്ടപ്പന ഇടുക്കിക്കവലയിൽ മേച്ചേരിൽ ഗിരീഷിന്റെ പുരയിടത്തിലെ കുളത്തിലാണ് 40 കിലോയോളം തൂക്കമുള്ള ആൺ പന്നി വീണത്. ഇന്നലെ രാവിലെ കുളത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വല പൊട്ടി കിടക്കുന്നത് ശ്രദ്ധയിപ്പെട്ട ഗിരീഷ് പരിശോധന നടത്തിയപ്പോഴാണ് കുളത്തിൽ കാട്ടുപന്നി വീണതായി കണ്ടെത്തിയത്. ഉടൻ തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാങ്കുതൊട്ടി സ്വദേശി സജിയുടെ സഹായത്തോടെ പന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ കാട്ടുപന്നിയെ കുളത്തിൽ നിന്ന് കയറ്റി ഡീസൽ ഉപയോഗിച്ച് നശിപ്പിച്ച ശേഷം കുഴിച്ചിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.പി. അനീഷ്, ബി. സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ജി. അനീഷ്, ഷിനോജ് മോൻ, ജോസുകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പുർത്തികരിച്ചത്.