തൊടുപുഴ: കാറിൽ കഞ്ചാവുമായി പോകുന്നതിനിടെ ഒരാൾ പൊലീസ് പിടിയിലായി. ഇടവെട്ടി മാർത്തോമ നെല്ലിക്കൽ വീട്ടിൽ മാർട്ടിനെ (40) യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മാർട്ടിൻ കാറിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിന്തുടർന്നെങ്കിലും കാർ നിർത്തിയില്ല. തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ തൊടുപുഴ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന് മുന്നിൽ വെച്ച് പൊലീസ് ജീപ്പ് വിലങ്ങനെയിട്ട് കാർ തടയുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 283 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് മാർട്ടിനെന്നും കാറിൽ പൊതികളാക്കി കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.