തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച നടപ്പന്തലിന്റെ സമർപ്പണം ഇന്ന് നടക്കും. രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിൽ ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമർപ്പണ ചടങ്ങിൽ തന്ത്രി കാവനാട്ടു മന പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 2012 മുതൽ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപ്പന്തൽ നിർമ്മാണം ആരംഭിച്ചത്. 42 തൂണുകളിലായി 15000 ചതു. അടി വിസ്തീർണ്ണത്തിൽ ഓട് മേഞ്ഞ് നിർമ്മിച്ച നടപ്പന്തലിന് ഒന്നര കോടി രൂപയോളം ചിലവഴിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇതിൽ 42 തൂണുകളും ഭക്തരുടെ സമർപ്പണമാണ്. നടപ്പന്തൽ സമർപ്പണ ചടങ്ങിനെത്തുന്ന ഭക്തർക്കായി ക്ഷേത്രത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ഭരണ സമിതി പ്രസിഡന്റ് രമേഷ് ജ്യോതി, അംഗങ്ങളായ സി.സി. കൃഷ്ണൻ, സുരേഷ് കുമാർ, അശോക് കുമാർ, കൃഷ്ണകുമാർ, ക്ഷേത്രം മാനേജർ യശോധരൻ എന്നിവർ അറിയിച്ചു.