കുമളി: ഓണത്തിന് വ്യാജമദ്യം നിർമ്മിക്കുന്നതിനായി സൂക്ഷിച്ച് വച്ചിരുന്ന 90 ലിറ്റർ സ്പിരിറ്റും ,600 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളുംപിടിച്ചെടുത്തു. വെ ള്ളാരംകുന്ന് അനക്കുഴി പേഴും കാട്ടിൽ ലാലിച്ചനെതിരെ വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് പി.ജി.യുടെ നേതൃത്വത്തിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥർ കേസെടുത്തു. ഡൈമുക്ക് 19ാം ഡി വിഷനിലുള്ള പുരയിടത്തിൽ നിർമ്മിച്ചിട്ടുള്ള ഷെഡിലാണ് സ്പിരിറ്റും കോടയും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്. സ്പിരിറ്റിൽ കളർ ചേർത്ത് വ്യാജമദ്യം നിർമ്മിക്കാനാണ് സൂക്ഷിച്ചിരുന്നത്. ഓണത്തിനോടനുബന്ധിച്ച് വ്യാജമദ്യ നിർമ്മാണത്തിന് സാധ്യതയുള്ളതിനാൽ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.എ. സലിമിന്റെ നിർദ്ദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി വ്യാപകമായ പരിശോധന നടത്തി വരവെയാണ് കേസ് കണ്ടെത്തിയത്. വണ്ടിപ്പെരിയാർ എക്‌സൈസ് റെയിഞ്ചാഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ രാജ്കുമാർ ബി, രവി വി , സേവ്യർ പി.ഡി., ബെന്നി ജോസഫ് , ബിജുമോൻ ഡി., സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് റ്റി.എ., ദീപു കുമാർ ബി.എസ്., ശ്രീദേവി റ്റി. എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായും അവർക്കായുള്ള അന്യേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.