ചെറുതോണി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കൻകുടി- കൊമ്പൊടിഞ്ഞാൽ- പൊന്മുടി റോഡ് പുനർനിർമ്മാണത്തിനായി (ബീനാമോൾ റോഡ്) മൂന്ന് കോടി 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 13 കിലോമീറ്റർ ദൈർഘ്യമുള്ളതും കൊന്നത്തടി- രാജാക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ റോഡാണിത്. കൊന്നത്തടി സ്‌കൂളിന് സമീപം റോഡ് ഇടിഞ്ഞത് മൂലം ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെർടുത്തുകയും ഒറ്റവരിയായുമാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. ഇവിടെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുവേണ്ടിയാണ് ആദ്യഘട്ടമായി തുക അനുവദിച്ചിട്ടുള്ളത്. റോഡിന്റെ റീടാറിംഗ് ഉൾപ്പെടെയുള്ള നിർമ്മാണം നടത്തുന്നതിനായുള്ള തുടർ നടപടികൾ പുരോഗമിച്ചുവരുന്നതായും മന്ത്രി അറിയിച്ചു. ഖേൽരത്‌ന അവാർഡ് നേടിയ കായികതാരം കെ.എം. ബീനാമോളുടെ പേര് നൽകിയിട്ടുള്ളതാണ് ഈ റോഡ്. പൊതുമരാമത്ത് വകുപ്പ് മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കി സംരക്ഷണഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.