തൊടുപുഴ: സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചരക്ക് സേവന വകുപ്പിന്റെ ഓഫീസ്, തൊടുപുഴയിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങളിൽ നിന്ന് അധികാരികൾ പിന്മാറണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലയിൽ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യാപാരികളിൽ ഭൂരിഭാഗവും തൊടുപുഴയിലെ വ്യാപാരികളാണ്. ഈ ഓഫീസുകൾ തൊടുപുഴയിൽ നിന്ന് മാറ്റിയാൽ അതു തൊടുപുഴയിലെ വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. നിലവിൽ ഓഫീസുകൾ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ടാക്‌സ് പെയേർസ് യൂണിറ്റ്, എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ഇന്റലിജന്റസ് ഓഫീസ്, ഡിവിഷണൽ ഓഫീസ്, ഡി.സി ഓഡിറ്റ് എന്നീ ഓഫീസുകൾ അനുവദിക്കണമെന്നും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച് കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലാപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.