അടിമാലി: കല്ലാർകുട്ടി ജലാശയം കടന്ന് റേഷൻകടപടിയിലേക്ക് എത്താൻ നായ്കുന്ന് മേഖലയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന കടത്തുവള്ളം പുതുക്കിപണിത് വീണ്ടും യാത്ര ആരംഭിച്ചു. പഞ്ചായത്തിന്റെ തുകയായ 95,000 രൂപയോളം വിനിയോഗിച്ചാണ് ഫൈബർ വള്ളത്തിന്റെ പണികൾ പൂർത്തിയാക്കിയത്. വള്ളത്തിന്റെ ഉദ്ഘാടനം വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു നിർവ്വഹിച്ചു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിൽ എസ്. അദ്ധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ബി. ജോൺസൻ, എ.എൻ. സജികുമാർ, നിസറി പരീക്കുട്ടി, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. നായ്കുന്ന് മേഖലയിലെ കുടുംബങ്ങൾക്കായി ഇവിടെ കടത്തുകാരനെയും നിയമിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേരാണ് ദിവസവും ഫൈബർ വള്ളത്തെ ആശ്രയിക്കുന്നത്.