തൊടുപുഴ: നാടും നഗരവും അമ്പാടിയാക്കി ഇന്ന് ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രദേവസ്വങ്ങളുടെയും ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും.. തൊടുപുഴ നഗരത്തിൽ 45 ലധികം സ്ഥലങ്ങളിൽ ഉറിയടിയും ശോഭായാത്രയും നടക്കും. കൃഷ്ണ, ഗോപികമാരാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ആടയാഭരണങ്ങളും മയിൽപ്പീലികൾ വാങ്ങുന്നതിനും ഇന്നലെ നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
. നെടുങ്കണ്ടം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര ഇന്ന് നെടുങ്കണ്ടത്ത് നടക്കും.വിവിധ മേഖലകളിൽ നിന്നും പുറപ്പെടുന്ന ഉപ ശോഭായാത്രകൾ 3.30ന് നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന മഹാശോഭായാത്ര എസ്.എൻ.ഡി.പി നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. ഉണ്ണിക്കണ്ണൻമാരുടെയും ഗോപികമാരുടെയും വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന മഹാശോഭായാത്ര ടൗൺ ചുറ്റി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടിയും ഭക്തിഗാനമേളയും നടക്കും. ശോഭായാത്രയ്ക്ക് ശേഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഭദ്രകാളി ദേവീ ക്ഷേത്രം എന്നിവയുടെ പശ്ചാത്തലത്തിൽ അഡ്വ. ശിവരാമ സിൻഹ നിർമ്മിച്ച 'പാഹി പാർത്ഥ സാരഥേ' എന്ന സംഗീത ആൽബം കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്യുമെന്ന് എം.എസ് മഹേശ്വരൻ, ശിവരാമ സിൻഹ, പി.കെ പുഷ്പരാജ് എന്നിവർ പറഞ്ഞു