മൂലമറ്റം: നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഒരു മാസം ആകുന്നതിന് മുമ്പേ കാഞ്ഞാർ മണപ്പാടി റോഡിലെ മൂന്നുങ്കവയൽ ഭാഗത്തുള്ള സംരക്ഷ ഭിത്തി തകർന്നു.ബലക്ഷയത്താൽ ഇടിഞ്ഞ് താഴ്ന്നാണ് സംരക്ഷണ ഭിത്തി തകർന്നത്.ഇതേ തുടർന്ന് റോഡ് അപകടാവസ്ഥയിലായി. നിർമ്മാണത്തിലെ അപാകതയാണ് സംരക്ഷ ഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വിജിലൻസിന് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ. കാഞ്ഞാറിൽ നിന്നും വാഗമൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന പാതയാണിത്. പൊതുമരാമത്തിന്റെ അധീനതയിലാണ് നിലവിൽ റോഡ്. ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.ഒരു വർഷത്തിലേറെയായി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന അവസ്ഥയിലായിരുന്നു.നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് ഏതാനും മാസം മുമ്പ് 20 ലക്ഷം രൂപാ അനുവദിച്ച് നിർമ്മാണം ആരംഭിച്ചത്. സംരക്ഷണ ഭിത്തിക്ക് പുറമേ റോഡിൽ ഐറിഷ് ഓടയും പാരപ്പെറ്റും നിർമ്മിക്കണമെന്ന് കരാറിലുണ്ടായിരുന്നു.ഭിത്തി ഇടിഞ്ഞ് മൂന്നുങ്കവയൽ തോട്ടിലേക്ക് പതിക്കുകയായിരുന്നു.റോഡിലെ ടാറിങ്ങിന് സമീപം വരെയുള്ള ഭാഗം ഇടിഞ്ഞു. ഇതേ തുടർന്ന് അപകടകരമായ ഭാഗത്ത് റോഡിൽ കയർ കെട്ടി മുന്നറിയിപ്പ് സ്ഥാപിച്ചിരിക്കുകയാണ്.നിർമ്മാണ സമയത്ത് ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തിയിരുന്നില്ല എന്നും പറയുന്നു.
അപകടമേഖല
മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുന്ന തോടിന്റെ സംരക്ഷണ ഭിത്തിയാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ വർഷത്തെ ശക്തമായ മഴയിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചത് ഇതിന് ഏതാനും മീറ്റർ ദൂരെയായാണ്.തകർന്ന സംരക്ഷണ ഭിത്തി അടിയന്തിരമായി പുനസ്ഥാപിക്കാൻ അധികൃതർ ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.