
തൊടുപുഴ: റോഡുനിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ റോഡുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ തിരഞ്ഞെടുത്ത റോഡുകളിൽ ഇന്നലെ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്. ആറ് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡുകളാണ് പരിശോധിച്ചത്. ജില്ലയിൽ ഏറമ്പടം- കാറ്റാടിക്കവല, തലക്കോട്- ബ്ലാത്തിക്കവല, കാഞ്ഞാർ- കറുകപ്പിള്ളി എന്നീ റോഡുകളിലായിരുന്നു പരിശോധന. ഈ റോഡുകളിൽ പലയിടത്തും ടാറിങ് പൊളിഞ്ഞുകിടക്കുന്നതായും എസ്റ്റിമേറ്റ് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും വിജിലൻസ് സംഘം കണ്ടെത്തി. വേണ്ടത്ര ആസൂത്രണമില്ലാതെ പദ്ധതി തയാറാക്കുന്നത് റോഡുകൾ വേഗത്തിൽ തകരാൻ കാരണമാകുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ ഇൻസ്‌പെക്ടർമാരായ സി. വിനോദ്, ബി. മഹേഷ് പിള്ള, എ. ഫിറോസ് എന്നിവർ പങ്കെടുത്തു.