
നെടുങ്കണ്ടം: കല്ലാർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം ആലുമൂട്ടിൽ നസീർ- സലീന ദമ്പതികളുടെ മകനായ അജ്മലാണ് (13) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലാർ പുഴയിൽ അജ്മലിനെ കാണാതായത്. നെടുങ്കണ്ടം ഗവ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സ്‌കൂളിൽ നടന്ന സ്വതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മൂന്ന് സഹപാഠികൾക്കൊപ്പം കല്ലാറിന് സമീപം പതിനഞ്ചിപ്പടിയിൽ എത്തിയ അജ്മൽ പുഴയിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. കരയിൽ നിന്നിരുന്ന സഹപാഠികൾ കമ്പുകൾ ഇട്ടുകൊടുത്തെങ്കിലും അജ്മലിന് പിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇവർ പുഴയിൽ ഇറങ്ങി രക്ഷപെടുത്താൻ നോക്കിയെങ്കിലും അജ്മൽ മുങ്ങിപ്പോവുകയായിരുന്നു. സഹപാഠികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ നെടുങ്കണ്ടം പൊലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. ഇടുക്കി ഫയർ ആന്റ് റസ്‌ക്യു സർവ്വീസ് സ്‌കൂബാ ടീം, നെടുങ്കണ്ടം ഫയർഫോഴ്‌സ്, പൊലീസ് എന്നിവർ നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ മൂന്ന് ദിവസമായി പരിശോധന നടത്തിയിരുന്നു. ഇന്നലെ നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനുവും ഡ്രൈവർ സഞ്ജുവും ചേർന്ന് പുഴയിൽ ആഴം കൂടിയ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങൾ: ആസിഫ്, അൻസിൽ. നെടുങ്കണ്ടം ഗവ. വി.എച്ച്.സിയിൽ പൊതുദർശനം നടത്തി. തുടർന്ന് നെടുങ്കണ്ടം നൂർ മുഹമ്മദിയ്യ ജൂമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി.