കട്ടപ്പന: ഉത്പാദന ചെലവ് ഇരട്ടിയായതോടെ ഹൈറേഞ്ചിലെ ഗ്രാമ്പു കർഷകർ കൃഷി ഉപേക്ഷിക്കാൻ തുടങ്ങുന്നു. ആഭ്യന്തര വിപണിയിൽ മുമ്പ് ഉണ്ടായിരുന്ന ആവശ്യകത കുറഞ്ഞതും മറ്റൊരു പ്രതിസന്ധിയാണ്. കൊവിഡ് തരംഗവും ഇതിന് ശേഷം വന്ന അടച്ചിടലും ഗ്രാമ്പുവിന്റെ വില ഇടിച്ചിരുന്നു. മെച്ചപ്പെട്ട വിലയിൽ നിന്ന് 450 രൂപയിലേക്കാണ് അന്ന് വില കൂപ്പുകുത്തിയത്. ഈ വർഷം ആദ്യം വില 750 വരെ എത്തിയിരുന്നെങ്കിലും തൊഴിലാളികളുടെ അടക്കം കൂലി ഇതിനോടകം വർദ്ധിച്ചതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. 400 രൂപയിൽ നിന്ന് 600 രൂപയിലേക്കാണ് കൂലി ഉയർന്നത്. വളം വില രണ്ടിരട്ടിയോളം വർദ്ധിച്ചത് കാരണം കൃഷി മുന്നോട്ട് കൊണ്ട് പോകണോയെന്ന ആശയക്കുഴപ്പവും ഇപ്പോൾ കർഷകർക്കിടയിൽ ഉണ്ട്. ശരാശരി വില ആയിരം രൂപയെങ്കിലും ലഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഇതിനിടെ മഡഗാസ്കർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വ്യാപകമായി ഗുണമേന്മ കുറഞ്ഞ ഗ്രാമ്പു ഇറക്കുമതി ചെയ്ത് ഗുണനിലവാരം കൂടിയ ഇന്ത്യൻ ഗ്രാമ്പുവിന്റെ ഒപ്പം കൂട്ടികലർത്തി വിപണിയിലേക്ക് എത്തിക്കുന്നതാണ് വില ഇടിവിന്റെ മറ്റൊരു കാരണമായി കർഷകർ പറയുന്നത്. ഉത്പാദനം ഇല്ലാത്തതിനാൽ ഗ്രാമ്പുവിന് ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെറുകിട വ്യാപാരികളിൽ ചിലർ ഗ്രാമ്പു വൻതോതിൽ സംഭരിച്ചിരുന്നു.എന്നാൽ ഇറക്കുമതി ഗ്രാമ്പുവിന്റെ വരവ് വർദ്ധിച്ചതോടെ ശേഖരിച്ച് വച്ചിരുന്ന ഉത്പന്നം വിൽക്കാൻ വ്യാപാരികൾക്ക് സാധിക്കാത്ത സാഹചര്യം ഉണ്ട്.

വ്യാപകമഴ കൃഷിക്ക്‌ തിരിച്ചടിയായി

കനത്ത മഴ ലഭിച്ചത് ഗ്രാമ്പു മരങ്ങൾക്ക് വ്യാപകമായി കേട് വരാൻ ഇടയാക്കിയെന്ന് കർഷകർ പറയുന്നു. ധാരാളമായി വിരിഞ്ഞിരുന്ന പൂക്കൾ കൊഴിഞ്ഞു പോയതും ശിഖരങ്ങൾക്ക് ഉണക്ക് ബാധിച്ചതും ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇനിയും കാലം തെറ്റി മഴ പെയ്താൽ ഉത്പാദനം ഇല്ലാതാക്കുമെന്നും കർഷകർ.