തൊടുപുഴ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ വിദ്യാഭ്യാസ കൺവെൻഷനും ശില്പശാലയും 28ന് തൊടുപുഴയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ചു കൊണ്ടുള്ള സമീപനമാണ് പുതിയ നയത്തിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. അവരുടെ വർഗീയ അജണ്ടയും മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഇതിനെ ചെറുത്തു തോല്പിക്കാൻ ജനങ്ങളെ സജ്ജരാക്കുകയാണ് പരിഷത്ത് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ. ഗംഗാധരൻ വിഷയം അവതരിപ്പിച്ചു. യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു. സംഘാടക സമിതിയുടെ ചെയർമാനായി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വൈസ് ചെയർമാൻ ഡയറ്റ് ലക്ചറർ എം. തങ്കരാജ്, ജനറൽ കൺവീനർ പി.കെ. സുധാകരൻ, കൺവീനർ ടോം ജോസഫ് എന്നിവർ ഭാരവാഹികളായ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി. ഷാജി സ്വാഗതവും ടി.എൻ. മണിലാൽ നന്ദിയും പറഞ്ഞു.